പോപ്പുലര്‍ ഫ്രണ്ടിന് യൂത്ത് ലീഗിന്റെ ഉപരോധം

Webdunia
ചൊവ്വ, 12 മെയ് 2015 (17:36 IST)
തീവ്ര ഇസ്ലാമിക തത്വശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനേയും അതിന്റെ രാഷ്ട്രീയ വിഭാഗമായ എസ്‌ഡി‌പി‌ഐയേയും മറ്റ് പോഷക സംഘടനകളേയും പൂര്‍ണമായി ഉപരോധിക്കാന്‍ യൂത്ത്ലീഗ് തീരുമാനം. സാമൂഹ്യ മാധ്യമങ്ങളിലും പൊതുപരിപാടികളിലും എന്തിനേറെ വ്യക്തിബന്ധങ്ങളില്‍ പോലും ഈ സംഘടനയിലുള്ളവര്‍ ഉണ്ടാകരുതെന്നാണ് യൂത്ത് ലീഗ് അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സമീപകാല രാഷ്ട്രീയസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് യൂത്ത് ലീഗിന്റെ പ്രതിരോധം പോപ്പുലര്‍ഫ്രണ്ടുമായി ബന്ധപ്പെട്ട ആരുമായും ബന്ധം പാടില്ലെന്നാണ് നേതാക്കള്‍ക്കും അണികള്‍ക്കും ലഭിച്ചിരിക്കുന്ന കര്‍ശന നിര്‍ദേശം. ഫെയ്‌സ് ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരക്കാരുമായി സൗഹൃദം പാടില്ല. സൗഹൃദ വലയത്തില്‍ ഉള്ളവരെ അണ്‍ഫ്രണ്ട് ചെയ്യണം. പോസ്റ്റുകള്‍ക്ക് അഭിപ്രായം എഴുതരുത്. ചര്‍ച്ചകളും പാടില്ല. പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന പൊതു പരിപാടികളില്‍ പങ്കെടുത്താല്‍ കര്‍ശന നടപടിയുണ്ടാകും.

വിഭാഗങ്ങള്‍ തമ്മില്‍ ചേരി തിരിവുള്ള പ്രദേശങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് മുതലെടുപ്പ് നടത്തുന്നു എന്നാണ് ലീഗിന്റെയും യൂത്ത് ലീഗിന്റെയും വിലയിരുത്തല്‍. ചേരിതിരിവുണ്ടാക്കി മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും ഉയര്‍ത്തുന്ന രാഷ്ട്രീയ വെല്ലുവിളിയും പോപ്പുലര്‍ഫ്രണ്ടിനെ അയിത്തം കല്‍പിക്കാനുള്ള കാരണമാണ്. പോപ്പുലര്‍ഫ്രണ്ടുമായി ബന്ധം പാടില്ലെന്ന് സമസ്തയുടെ പണ്ഡിതന്മാരും ലീഗിലെ ഒരു വിഭാഗവും നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു.