തൊണ്ടിമുതല്‍ തൂക്കി വിറ്റു; എഎസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി

Webdunia
വെള്ളി, 17 നവം‌ബര്‍ 2017 (17:11 IST)
സ്റ്റേഷനിലെ തൊണ്ടിമുതൽ തൂക്കി വിറ്റ സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പിടിച്ചെടുത്ത മണൽ ലോറി തൂക്കി വിറ്റതിനാണ് എഎസ്‌ഐ ഉള്‍പ്പെടെ അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്തത്. കെജെ മാത്യു, നവാസ്, രമേശന്‍, റിജോ നിക്കോളാസ്, സജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. 
 
പരിശോധനയ്ക്കിറങ്ങിയ പൊലീസുകാര്‍ പട്ടുവത്ത് വെച്ച് കണ്ട മണൽ ലോറി കസ്റ്റഡിയിലെടുക്കുന്നതിനായി സ്റ്റേഷനിലേക്ക് അറിയിക്കുകയും തുടർന്ന് എഎസ്‌ഐയും മറ്റൊരു പൊലീസുകാരനും കൂടി സ്ഥലത്തെത്തിയപ്പൊള്‍ ലോറി ഡ്രൈവർ ലോറി ഉപേക്ഷിച്ചു ഓടി രക്ഷപെടുകയുമായിരുന്നു.
 
ഇയാളുടെ പിറകെ ഓടിയ പോലീസുകാർ തിരിച്ചെത്തിയ സമയത്ത് ലോറി കത്തുന്നതാണ് കണ്ടത്. തുടർന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതെ ലോറി ആക്രിക്കടയിൽ അവര്‍ തൂക്കി വിറ്റത്. തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിനൊടുവിലാണ് എഎസ്‌ഐ ഉള്‍പ്പടെ അഞ്ച് പൊലീസുകാര്‍ വീഴ്ചവരുത്തിയതായി കണ്ടെത്തിയത്.
 
ലോറി കത്തിയെന്ന വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും അത്തരമൊരു സംഭവം നടന്നിട്ടും കേസെടുക്കാതെ അത് മറച്ചുവെച്ച ശേഷം തൊണ്ടിമുതല്‍ മറിച്ച്‌ വിറ്റുയെന്നുമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ലോറി പൊലീസുകാര്‍ തന്നെയാണ് ആക്രിക്കടയിലെത്തിച്ചതെന്ന് കടയുടമയും മൊഴി നല്‍കി. എന്നാല്‍ സംഭവം എസ്‌ഐയെ അറിയിച്ചിരുന്നുവെന്നാണ് നടപടിക്ക് വിധേയനായ എഎസ്‌ഐയുടെ നിലപാട്.

അനുബന്ധ വാര്‍ത്തകള്‍

Next Article