ലോക്ഡൗണില്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍ നിന്നും പിടിച്ചെടുത്ത വാഹനങ്ങള്‍ താല്‍കാലികമായി ഉടമകള്‍ക്ക് വിട്ടുനല്‍കിത്തുടങ്ങി. എന്നാല്‍ വാഹനം ഏതുസമയത്തും തിരികെ ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്ന സത്യവാങ്മൂലം എഴുതി വാങ്ങിയതിനു ശേഷമാണ് ഉടമകള്‍ക്ക് വിട്ടുനല്‍കുന്നത്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
വാഹനങ്ങള്‍ ഞായറാഴ്ച ഉച്ചയോടെ കൊടുത്തുതുടങ്ങി. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ സാമൂഹിക അകലം പാലിച്ച് സാവധാനത്തിലായിരിക്കും വാഹനങ്ങള്‍ തിരികെ നല്‍കുന്നത്. 230 വാഹനങ്ങളാണ് നിലവില്‍ കൊല്ലം പരവൂര്‍ സ്റ്റേഷനില്‍ ഇത്തരത്തില്‍ ഉള്ളത്. വാഹനം തിരികെ ആവശ്യപ്പെടുന്നവര്‍ ആധാര്‍ക്കാര്‍ഡും വാഹനത്തിന്റെ രേഖകളും നിര്‍ബന്ധമായും ഹാജരാക്കേണ്ടതുണ്ട്.