തൃശൂരിൽ പൊലീസുകാരിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 3 ജനുവരി 2017 (14:54 IST)
പൊലീസുകാരിയെ പീഡിപ്പിച്ച പൊലീസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസിനെയാണ് തൃശൂര്‍ എ ആര്‍ ക്യാമ്പിലെ പ്രതാപചന്ദ്രന്‍ എന്ന 41 കാരനായ പൊലീസുകാരന്‍ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷക്കണക്കിനു രൂപ തട്ടിയെടുക്കുകയും ചെയ്തത്.
 
പട്ടിക വര്‍ഗ്ഗക്കാരിയായ സി പി ഒ യും പ്രതാപചന്ദ്രനും രണ്ട് വര്‍ഷം മുമ്പ് വടക്കേക്കാട് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നു. ഈ സമയം പ്രതാപചന്ദ്രന്‍ ഡ്രൈവറായിരുന്നു. എന്നാല്‍ ഭാര്യയും രണ്ട് മക്കളുമുള്ള ഇയാള്‍ താന്‍ ഉടന്‍ തന്നെ   ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുകയാണെന്നും പൊലീസുകാരിയെ വിവാഹം ചെയ്യാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഈ വിധം അടുത്തുകൂടുകയും പീഡിപ്പിക്കുകയും പലപ്പോഴായി അഞ്ച് ലക്ഷം രൂപയും ആഭരണങ്ങളും കൈക്കലാക്കുകയും ചെയ്തു. 
 
എന്നാല്‍ പ്രതാപചന്ദ്രന്‍ വിവാഹം ചെയ്യാതെ ഒഴിഞ്ഞു മാറുകയാണെന്ന് മനസിലാക്കിയ വനിതാ പൊലീസ് ചാവക്കാട് സി ഐക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടത്തി കുന്നംകുളം ഡി വൈ എസ് പി വിശ്വംഭരന്‍റെ നിര്‍ദ്ദേശ പ്രകാരം ചാവക്കാട് സി ഐ കെ ജി സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതാപചന്ദ്രനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 
Next Article