കോൺഗ്രസ് നേതാവ് കെ മുരളീധരൻ തൊടുത്തുവിട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ചേര്‍ന്ന യുഡിഎഫ് യോഗത്തിൽ കോൺഗ്രസിനെ നിര്‍ത്തിപ്പൊരിച്ച് ഘടകകക്ഷികൾ. പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗാണ് കടുത്ത ഭാഷയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. തുടര്‍ന്ന് മറ്റ് ഘടകകക്ഷികളും രൂക്ഷമായ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.
ഇങ്ങനെ പോയാൽ മറ്റ് മാർഗ്ഗങ്ങൾ ആലോചിക്കേണ്ടിവരുമെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നൽകിയതിന് മറ്റ് ഘടകകക്ഷികളും പിന്തുണ നല്‍കി. സര്‍ക്കാരിനെതിരെയുള്ള സമരം ചെയ്യാന്‍ പ്രതിപക്ഷത്ത് യോജിപ്പ് വേണം. ഇങ്ങനെ മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നും യോഗത്തില്‍ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ലീഗ് നിലപാടിനെ പിന്തുണച്ച് ജെഡിയുവും രംഗത്തെത്തിയതോടെ യോഗം ചൂടുപിടിച്ചു. കോണ്‍ഗ്രസിലെ അനൈക്യം മുന്നണിയെ ശിഥിലമാക്കുമെന്നും ജെഡിയു വ്യക്തമാക്കുകയും ചെയ്‌തു. ആർഎസ്പിയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്‌തു.
സംസ്ഥാന സര്‍ക്കാര്‍ ഗാലറിയില്‍ ഇരുന്ന കളികാണുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ അടുത്ത മാസം നടത്താന്‍ ഇന്നു നടന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.