മനുഷ്യ മനസ്സാക്ഷികളെ ഞെട്ടിക്കുന്നതായിരുന്നു ചെങ്ങന്നൂരിലെ ജോയി വി ജോണിന്റെ കൊലപാതകം. ഒരു മകന് സ്വന്തം പിതാവിനെ ഇത്ര പൈശാചികമായ രീതിയിൽ കൊല്ലാൻ കഴിയുമെന്ന് വിശ്വസിക്കാൻ കഴിയാത്ത രീതിയിലായിരുന്നു ഷെറിൻ കൊല നടത്തിയത്.
പുത്തൻപാലത്തെ വഴിയോരത്തിനടുത്ത് നിന്നും ജോയിയുടെ ശിരസ്സ് കിട്ടിയപ്പോൾ അത് എങ്ങനെ റോഡിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് പരസ്പരം ചോദിച്ചപ്പോൾ അടുത്ത് നിന്ന ഷെറിൻ ഇടപെട്ടു. അവിടെ കിടന്ന കുട്ട ചൂണ്ടിക്കാട്ടി 'അതിൽ എടുത്ത് വെച്ച് മുകളിലേക്ക് കൊണ്ടുപോകാമല്ലോ' എന്ന് ഷെറിൻ പറഞ്ഞു. 'കുട്ട കൊണ്ടിട്ടത് താനാണോ' എന്ന പൊലീസിന്റെ ചോദ്യത്തിന് നിർവികാരമായ രീതിയിൽ 'അല്ല' എന്നായിരുന്നു മറുപടി.
പച്ച പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ ജോയിയുടെ ശിരസ്സ് ലഭിച്ചപ്പോൾ പൊലീസ് കവർ എടുത്ത് പറഞ്ഞു 'മുകൾ ഭാഗം കെട്ടിയിട്ടുണ്ട്'. അപ്പോഴും ഷെറിൻ ഇടപെട്ടു 'ഇല്ല വെറുതെ ചുറ്റിയിട്ടേയുള്ളു, മുറുക്കി കെട്ടിയിട്ടില്ല' അപ്പോഴും എന്തു പറയണമെന്നറിയാതെ പൊലീസ് സ്തബ്‌ധരായി.
സ്വന്തം പിതാവിന്റെ ശശീരഭാഗങ്ങൾ കാണിച്ച് തരുമ്പോഴും കണ്ടെടുക്കുമ്പോഴും ഷെറിന്റെ മുഖത്തെ കൂസലില്ലായ്മ കണ്ട് പൊലീസും നാട്ടുകാരും ഞെട്ടി. കുറ്റബോധമോ സങ്കടമോ ഒന്നും ഇല്ലാത്ത പ്രതികരണമായിരുന്നു ഷെറിന്റേത്.