സദാചാര പൊലീസിംഗില്‍ പ്രതിഷേധിച്ച് നടത്തിയ ചുംബന സമരം കാണാനെത്തിയവര്‍ക്ക് പൊലീസിന്റെ ചൂരല്‍ കഷായം. സമരത്തിനെതിരെ പ്രതിഷേധിക്കാനെത്തിയവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സമര വേദിയായി പ്രഖ്യാപിച്ചിരുന്ന മറൈന്‍ ഡ്രൈവില്‍ ജനത്തിരക്ക് കാരണം ഗതാഗത സ്തംഭനമുണ്ടായി. നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ ഇവിടെ പ്രതിഷേധ മാര്‍ച്ച് നടന്നു. കൂടിനില്‍ക്കുന്ന ആളുകളെ പിരിച്ചു വിടാനായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
ഇതിനിടെ ചുംബനസമരത്തെ അനുകൂലിച്ച് ലോ കോളേജ് വിദ്യാര്‍ഥികളും ഒരുവിഭാഗം ആളുകളും നേരിയ സംഘര്‍ഷത്തിന് വഴിതെളിച്ചു. ഇതിനിടെ റിപ്പോര്‍ട്ടിംഗിനെത്തിയ ചില മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു.
ചുംബന സമരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ എറണാകുളം ലോ കോളേജ് പരിസരത്തുവെച്ച് സമരക്കാരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധക്കാരുടെ എതിര്‍പ്പ് കാരണം സമരക്കാര്‍ക്ക് സമര വേദിയായ മറൈന്‍ ഡ്രൈവിലേക്ക് എത്താന്‍ സാധിക്കില്ലായിരുന്നു. ഇതോടെ ഇവര്‍ ലോ കോളജിന് സമീപം ഒത്തു ചേര്‍ന്നു. തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. അമ്പതോളം പേരാണ് സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. അഞ്ചുമണിക്ക് മറൈന്‍ ഡ്രൈവിലാണ് ചുംബന സമരം നടത്താനിരുന്നത്.
പരിപാടിയില്‍ പങ്കെടുക്കാനും കാണാനുമായി ആയിരക്കണക്കിന് ആളുകളാണ് മറൈന്‍ ഡ്രൈവില്‍ തടിച്ചു കൂടിയത്. കോഴിക്കോട്ടെ ഡൗണ്‍ടൗണ്‍ റസ്‌റ്റോറന്റ് വളപ്പില്‍ ചുംബിക്കുന്ന കമിതാക്കളുടെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തിരുന്നു. ഇവിടെ കമിതാക്കള്‍ക്ക് പ്രത്യേക സൌകര്യം ഒരുക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് 'കിസ് ഓഫ് ലവ്' എന്ന പേരിലുള്ള കൂട്ടായ്മ ചുംബനോത്സവം പ്രഖ്യാപിച്ചത്.