അന്തര്‍ സംസ്ഥാന മോഷ്‌ടാവ് റെഡിചോര്‍ സന്തോഷ് പിടിയില്‍

Webdunia
ചൊവ്വ, 3 മാര്‍ച്ച് 2015 (15:46 IST)
റെഡിചോര്‍ എന്നറിയപ്പേറ്റുന്ന കുപ്രസിദ്ധ അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരന്‍ ആന്ധ്രാ പ്രദേശുകാരന്‍ വിജയവാഡ സ്വദേശി സന്തോഷ് എന്ന 23 കാരന്‍ പൊലീസ് പിടിയിലായി. പാലക്കാട് ടൌണ്‍ നോര്‍ത്ത് ക്രൈം സ്ക്വാഡ് ഒലവക്കോട്ടു നിന്നാണു ഇയാളെ പിടികൂടിയത്. ഇതോടെ നൂറുകണക്കിനു ഭവന ഭേദന കേസുകള്‍ക്കാണു തുമ്പുണ്ടായിരിക്കുന്നത്.

ഗോവ, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം സംസ്ഥാനങ്ങളില്‍ നിരവധി കളവു കേസുകളിലെ പ്രതിയാണ് സന്തോഷ്. മംഗലാപുരം പൊലിസാണ് റെഡിചോര്‍ എന്ന പേരിട്ടത്. കഴിഞ്ഞവര്‍ഷമാണ് ഇയാള്‍ ജയില്‍ മോചിതനായത്. 2006ല്‍ പന്ത്രണ്ടാമത്തെ വയസില്‍ ആദ്യമായി സൂറത്കല്‍ പൊലിസാണ് സന്തോഷിനെ അറസ്റ്റു ചെയ്തത്.  മംഗലാപുരം, ബൊന്‍തേല്‍ ജയിലില്‍ രണ്ടു വര്‍ഷത്തോളം കിടന്നിരുന്നു. പിന്നീട് ഗോവയിലെ വിവിധ പൊലിസ് സ്‌റ്റേഷനുകളില്‍ പിടിക്കപ്പെട്ട് വാസ്‌കോ ജയിലില്‍ മൂന്നര വര്‍ഷക്കാലം തടവില്‍ കിടന്നിരുന്നു. കാസര്‍കോഡ്, തൃശൂര്‍ ജില്ലകളില്‍ കേസുകളില്‍പെട്ട് വിയ്യൂര്‍ സെന്‍ട്രന്‍ ജയിലിലും തടവില്‍ കിടന്നിട്ടുണ്ട്.

മാന്യമായ വേഷം ധരിച്ച് രാവിലെ തന്നെ നടന്ന് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി പുറകുവശത്തെ വാതില്‍ ഇരുമ്പ് പണി ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തിത്തുറന്ന് അകത്തുകടക്കുകയാണ് രീതി. മോഷണശേഷം പ്രതി സ്ഥലം വിടുകയും മോഷണ മുതലുകള്‍ വിറ്റുകിട്ടുന്ന പണം മദ്യത്തിനും ലഹരി മരുന്നിനും ചെലവഴിച്ച് ഗോവ, മംഗലാപുരം എന്നിവിടങ്ങളില്‍ കറങ്ങുകയാണ് ഇയാളുടെ രീതി എന്ന് പൊലീസ് പറഞ്ഞു.

കുഴല്‍മന്ദം, ഹോസ്പിറ്റല്‍ റോഡില്‍ കൃഷ്ണന്‍കുട്ടിയുടെ വീട് കഴിഞ്ഞ മാസം 17 ന് രാവിലെ കുത്തിത്തുറന്ന് സ്വര്‍ണവും, പണവും കവര്‍ച്ച ചെയ്തതും കൊടുന്തിരപ്പുള്ളി അത്തിലൂരില്‍ ശിവദത്തില്‍ ശിവദാസന്റെ വീട് 18 ന് രാവിലെ കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതും പ്രതി സമ്മതിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.