പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 64 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ പൂതക്കുളം മുക്കട സ്വദേശി പ്രസന്നനാണ് പിടിയിലായത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
പരവൂര്‍ മുക്കട ജങ്ഷനില്‍ ഓട്ടോ ഡ്രൈവറായ പ്രസന്നന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരിചയക്കാരനാണ്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മദ്യ ലഹരിയിലുള്ള പിതാവ് മാതാവിനെ മര്‍ദ്ദിക്കുന്നത് കണ്ടു. ഇതിന്റെ വിഷമത്തില്‍ കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. കുട്ടിയെ കാണാനില്ലെന്നറിഞ്ഞതോടെ രക്ഷിതാക്കള്‍ പരിസരങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് സുഹൃത്തായ പ്രസന്നനെ വിളിച്ച് മകള്‍ പിണങ്ങി പോയെന്ന് പറഞ്ഞത്. ഓട്ടോയുമായി പോയി അന്വേഷിക്കാനും ആവശ്യപ്പെട്ടു.
എന്നാല്‍ ഇരുചക്ര വാഹനത്തിലാണ് പ്രസന്നന്‍ കുട്ടിയെ തിരക്കി ഇറങ്ങിയത്. ഏകദേശം 3 കിലോമീറ്റര്‍ ദൂരെയുള്ള ബസ് സ്റ്റോപ്പില്‍ വെച്ച് പ്രസന്നന്‍ കുട്ടിയെ കണ്ടെത്തി. കുട്ടിയുമായി മടങ്ങുന്നതിനിടെ മഴ പെയ്തു. മഴ തോര്‍ന്നിട്ട് പോകാമെന്ന് പറഞ്ഞ് കുട്ടിയെ പ്രസന്നന്‍ തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കടന്നു പിടിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്‌തെന്നാണ് പരാതി. ഭയന്നോടിയ കുട്ടി വീട്ടില്‍ എത്തി അമ്മയോട് വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കള്‍ പരവൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രസന്നനെ പൂതക്കുളത്തെ വീട്ടില്‍ നിന്ന് പിടികൂടി. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.