Traffic Regulations in Thrissur: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടു അനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ ഇന്നു വന്‍ ഗതാഗത നിയന്ത്രണം. രാവിലെ 11 മുതല്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. സുരക്ഷ മുന്‍നിര്‍ത്തി, രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും, തേക്കിന്‍കാട് മൈതാനിയിലും സമീപ റോഡുകളിലും വാഹന പാര്‍ക്കിങ്ങ് അനുവദിക്കുകയില്ല. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിപ്പിക്കാതെ വഴിതിരിച്ചുവിടുന്നതാണ്. റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് പോകുന്നവരും വിവിധ പരീക്ഷ കേന്ദ്രങ്ങളിലേക്ക് വരുന്നവരും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന വിവരം മുന്‍കൂട്ടി മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതാണ്.
പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവരുടേതുള്‍പ്പെടെ എല്ലാ വാഹനങ്ങളും പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യണം. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകുമെന്നും ട്രാഫിക് പോലീസ് സ്റ്റേഷന്‍ SHO അറിയിക്കുന്നു.
പൊതുജനങ്ങള്‍ അത്യാവശ്യ സാഹചര്യമില്ലാത്തപക്ഷം തൃശൂര്‍ നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളില്‍ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാന്‍ സഹകരിക്കേണ്ടതാണ്.
ദേശീയപാതയിലെ ഗതാഗത നിയന്ത്രണങ്ങള്‍
പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ട്രക്ക്, ലോറി എന്നിവ മുടിക്കോട് നിന്ന് വലത്തോട്ട് തിരിഞ്ഞ് ചിറക്കേക്കോട്, തേറമ്പം, മാടക്കത്തറ പവ്വര്‍ ഹൌസ്, പൊങ്ങണം കാട്, പളളിമൂല, വിയ്യൂര്‍ പവര്‍ ഹൗസ് വഴി പോകേണ്ടതാണ്.
കോഴിക്കോട് നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ട്രക്ക്, ലോറി എന്നിവ കുറ്റിപ്പുറം പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് പൊന്നാനി വഴി ചാവക്കാട് എത്തി ഹൈവേയിലൂടെ വാടാനപ്പിളളി, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍ വഴി പോകേണ്ടതാണ്.
കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പെരുമ്പിലാവില്‍ നിന്നും തിരിഞ്ഞ് പട്ടാമ്പി റോഡ് വഴി പോകേണ്ടതാണ്.
തൃശൂര്‍ നഗരത്തിലെ ഗതാഗത നിയന്ത്രണം
പാലക്കാട്, പീച്ചി തുടങ്ങി കിഴക്കന്‍ മേഖലയില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പുളിക്കന്‍ മാര്‍ക്കറ്റ് സെന്ററില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മിഷന്‍ ആശുപത്രി മുന്‍വശം, ഫാത്തിമ നഗര്‍, ITC ജംഗ്ഷന്‍, ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ തമ്പുരാന്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, കാട്ടൂക്കാരന്‍ ജങ്ഷന്‍, ശവക്കോട്ട, ഫാത്തിമ നഗര്‍ ജങ്ഷന്‍ വഴി സര്‍വീസ് നടത്തേണ്ടതാണ്.
മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഫാത്തിമ നഗര്‍, ITC ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ഫാത്തിമ നഗര്‍ ജംഗ്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
മണ്ണുത്തി ഭാഗത്ത് നിന്നും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ കിഴക്കേകോട്ടയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെന്പുക്കാവ്, രാമനിലയം, അശ്വനി ജംഗ്ഷന്‍ വഴി വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെമ്പൂക്കാവ് ജംഗ്ഷന്‍, രാമനിലയം, അശ്വനി ജംഗ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ തിരികെ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍, തിരുവില്വാമല എന്നീ ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സാധാരണ പോലെ സര്‍വ്വീസ് നടത്തേണ്ടതാണ്.
മെഡിക്കല്‍ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സാധാരണ പോലെ സര്‍വ്വീസ് നടത്തേണ്ടതാണ്.
ചേറൂര്‍, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ബാലഭവന്‍ വഴി ടൌണ്‍ ഹാള്‍ ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ വഴി അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും, ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ വഴി തിരികെ സര്‍വ്വീസ് നടത്തേണ്ടതുമാണ്.
കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂര്‍, അടാട്ട്, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസ്സുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോള്‍ സിവില്‍ ലൈന്‍, അയ്യന്തോള്‍ ഗ്രൌണ്ട്, ലുലു ജംഗ്ഷന്‍ വഴി തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങി പടിഞ്ഞാറേ കോട്ട വഴി വരുന്ന എല്ലാ ബസ്സുകളും വെസ്റ്റ് ഫോര്‍ട്ടില്‍ നിന്ന് കാല്‍വരി റോഡ് വഴി തിരിഞ്ഞ് തോപ്പിന്‍ മൂല, നേതാജി ഗ്രൌണ്ട് പരിസരം മുതല്‍ വെസ്റ്റ് ഫോര്‍ട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേ കോട്ട വഴി തിരിഞ്ഞ് സര്‍വ്വീസ് നടത്തേണ്ടതാണ്.
കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെ നിന്നു തിരികെ കണ്ണം കുളങ്ങര, ചിയ്യാരം കൂര്‍ക്കഞ്ചേരി വഴി സര്‍വ്വീസ് നടത്തേണ്ടതാണ്. ഈ സമയം കണ്ണംകുളങ്ങര കസ്തൂര്‍ബാ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്നും വാഹനങ്ങള്‍ ശക്തന്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ പാടില്ലാത്തതാണ്.
കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വന്ന് വെസ്റ്റ് ഫോര്‍ട്ട് വഴി പോകേണ്ട ചെറു വാഹനങ്ങള്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്നും ഇടത്തോട്ട് തിരഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകേണ്ടതാണ്.
കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വന്ന് മണുത്തി ഭാഗത്തേക്ക് പോകേണ്ട ചെറു വാഹനങ്ങള്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്നും വലത്തോട്ട് തിരഞ്ഞ് ചിയ്യാരം വഴി പോകേണ്ടതാണ്.
ഒല്ലൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ മുണ്ടൂപാലം ജംഗ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരന്‍ ജംഗ്ക്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
മണ്ണുത്തി, പാലക്കാട്, എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസും, ട്രയലറും ഒഴികെയുള്ള വാഹനങ്ങള്‍ പെന്‍ഷന്‍ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലര്‍ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂര്‍ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂര്‍ പാലം വഴി വിയ്യൂര്‍ പവര്‍ഹൌസ് ജംഗ്ഷന്‍, പൊങ്ങണംകാട്, ചിറക്കോട്, മുടിക്കോട് വഴി പോകേണ്ടതാണ്.
കുന്നംകുളം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലര്‍ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂര്‍ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂര്‍ പാലം, പവര്‍ഹൌസ് ജംഗ്ഷന്‍, പൊങ്ങണംകാട്, മുക്കാട്ടുക്കര വഴി പോകേണ്ടതാണ്.
ചിയ്യാരം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ലൈറ്റ് വെഹിക്കിള്‍സും കൂര്‍ക്കഞ്ചേരി സെന്ററില്‍ നിന്നും നെടുപുഴ പോലീസ് സ്റ്റേഷന്‍, വടൂക്കര , തോപ്പിന്‍മൂല വഴി പോകേണ്ടതാണ്.
ജൂബിലി ജംഗ്ഷന്‍ വഴി വരുന്ന കൂര്‍ക്കഞ്ചേരി പോകുന്ന എല്ലാ ലൈറ്റ് വാഹനങ്ങളും മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ബിഷപ്പ് ആലപ്പാട് റോഡ് വഴി തിരിഞ്ഞ് സെമിത്തേരി റോഡ് വഴി ചിയ്യാരം ജംഗ്ഷനിലെത്തി കൂര്‍ക്കഞ്ചേരിയിലേക്ക് പോകേണ്ടതാണ്.
കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍
കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേയ്ക്ക് സര്‍വ്വീസ് നടത്തുന്ന എല്ലാ ബസ്സുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.
പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് വരുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളും പൂങ്കുന്നം ജംങ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യര്‍ റോഡിലൂടെ പൂത്തോള്‍ വഴി കെ.എസ്. ആര്‍.ടി.സി സ്റ്റാന്റില്‍ പ്രവേശിക്കണ്ടതുമാണ്.
അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന ഓര്‍ഡിനറി K.S.R.T.C ബസ്സുകള്‍ ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ താല്‍ക്കാലികമായി ആരംഭിക്കുന്ന ബസ്സ് സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്നുതന്നെ സര്‍വ്വീസ് നടത്തേണ്ടതാണ്.
ഷൊര്‍ണ്ണൂര്‍, വഴിക്കടവ്, മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്ന KSRTC ബസുകള്‍ സ്വരാജ് റക്ഖണ്ടില്‍ പ്രവേശിക്കാതെ ITC ജംഗ്ഷന്‍, ഈസ്റ്റ് ഫോര്‍ട്ട്, അശ്വനി ജംഗ്ക്ഷന്‍, കോലോത്തുംപാടം വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.