വയനാടിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി, സഹായധനം പ്രഖ്യാപിച്ചു, പിന്തുണയുമായി രാഹുൽ ഗാന്ധിയും

അഭിറാം മനോഹർ
ചൊവ്വ, 30 ജൂലൈ 2024 (10:14 IST)
Landslide,Wayanad
വയനാട് ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ വിധ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്ഥിതിഗതികള്‍ ആരായുകയും വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായവും പ്രഖ്യാപിച്ചു.
 
 അതേസമയം പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയും ദുരന്തത്തില്‍ ദുഖമറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും ആഹ്വാനം ചെയ്തു.
 
 അതേസമയം വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ ഇതുവരെ 19 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം തന്നെ ഒലിച്ചുപോയി. നിരവധി വാഹനങ്ങളും വീടുകളും മണ്ണിടിച്ചിലില്‍ തകരുകയും ഒലിച്ചുപോവുകയും ചെയ്തു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായ്യും വെള്ളത്തിനടിയിലായി. മുണ്ടക്കൈയില്‍ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് 4 മണിക്കുമാണ് ഉരുള്‍പൊട്ടിയത്. അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയായിരുന്നു വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article