പ്ലസ് ടു അധിക ബാച്ച്; ഒരു സ്‌കൂളിലെ പ്രവേശനത്തിന് സ്‌റ്റേ

Webdunia
വെള്ളി, 1 ഓഗസ്റ്റ് 2014 (18:54 IST)
പ്ലസ് ടുവിന് അധികബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട് ഒരു സ്‌കൂളിലെ പ്രവേശനത്തിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചു. അങ്കമാലി തുറവൂര്‍ മാര്‍ അഗസ്റ്റിന്‍ സ്‌കൂളിലെ പ്രവേശനത്തിനാണ് സ്റ്റേ. തുറവൂരിലെതന്നെ സെന്റ് ജോസഫ് സ്‌കൂള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.

തങ്ങളുടെ സ്‌കൂളിന് പ്ലസ് ടു അനുവദിക്കണമെന്ന ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ അവഗണിച്ചാണ് തുറവൂര്‍ സ്‌കൂളിന് മന്ത്രിസഭ ഉപസമിതി പ്ലസ് ടു അനുവദിച്ചതെന്ന് സെന്റ് ജോസഫ് കോടതിയില്‍ വാദിച്ചു. പ്ലസ് ടു അധികബാച്ചുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ മറികടന്നത് എങ്ങനെയാണെന്ന് ഹൈക്കൊടതി സര്‍ക്കാരിനോട് ചോദിച്ചു.

കോര്‍പ്പറേറ്റ് മാനേജുമെന്റുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്നും അത് മറികടന്ന്
വ്യക്തിഗത മാനേജുമെന്റിന് കീഴിലുള്ള ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ഇതെതുടര്‍ന്ന് രണ്ട് സ്‌കൂളുകളും നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് പി എന്‍ രവീന്ദ്രനാണ് കേസ് പരിഗണിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം 700 ഹയര്‍ സെക്കന്‍ഡറി ബാച്ചുകൂടി അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. ഇതില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.