പി.ജെ.ജോസഫ് കോട്ടയം ലോക്‌സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (10:04 IST)
കോട്ടയം ലോക്‌സഭാ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു നല്‍കാന്‍ യുഡിഎഫില്‍ ധാരണ. പി.ജെ.ജോസഫ് തന്നെയായിരിക്കും സ്ഥാനാര്‍ഥിയാകുക. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന കാര്യം ജോസഫ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു നല്‍കുന്നതില്‍ യുഡിഎഫില്‍ ആര്‍ക്കും എതിര്‍പ്പില്ല. 
 
2019 ല്‍ കോട്ടയത്ത് നിന്നു സ്ഥാനാര്‍ഥിയാകാന്‍ പി.ജെ.ജോസഫ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജോസ് കെ.മാണിയുടെ ഇടപെടലിനെ തുടര്‍ന്ന് കെ.എം.മാണിയുടെ വിശ്വസ്തനായ തോമസ് ചാഴിക്കാടന് അവസരം ലഭിക്കുകയായിരുന്നു. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി പക്ഷം എല്‍ഡിഎഫിന് ഒപ്പമാണ്. അതുകൊണ്ട് തന്നെ കോട്ടയം സീറ്റിന് ഏറ്റവും അര്‍ഹത തങ്ങള്‍ക്കാണെന്ന് ജോസഫ് പക്ഷം പറയുന്നു. 
 
അതേസമയം എല്‍ഡിഎഫിനായി കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി പക്ഷം ആയിരിക്കും കോട്ടയത്ത് മത്സരിക്കുക. സിറ്റിങ് എംപി തോമസ് ചാഴിക്കാടന് വീണ്ടും അവസരം നല്‍കാനാണ് കേരള കോണ്‍ഗ്രസ് തീരുമാനം. ജോസ് കെ.മാണി സ്ഥാനാര്‍ഥിയാകുന്നതിനെ കുറിച്ച് ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് നിയമസഭയിലേക്ക് എത്താനുള്ള വാതിലുകള്‍ അടയുമോ എന്ന പേടിയില്‍ ആ താല്‍പര്യം ഉപേക്ഷിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാല സീറ്റ് ലക്ഷ്യമിട്ടാണ് ജോസ് കെ.മാണി ഇപ്പോള്‍ ലോക്‌സഭാ സീറ്റിനോട് താല്‍പര്യക്കുറവ് കാണിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article