പിണറായി എല്ലാം മറന്നോ? വെള്ളാപ്പള്ളിയുടെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുമോ? കേരളത്തിന്റെ കണ്ണുകൾ എസ് എൻ കോളജിലേക്ക്

വെള്ളി, 19 ഓഗസ്റ്റ് 2016 (14:33 IST)
ശനിയാഴ്ച പുനലൂരിൽ നടക്കാനിരിക്കുന്ന എസ് എൻ കോളജിന്റെ അൻപതാം വാർഷിക സമ്മേളനമാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പരിപാടി. പരിപാടി ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന കാര്യം സംഘാടകർ വ്യക്തമാക്കിയതോടെയാണ് വിഷയം ചർച്ചയായിരിക്കുന്നത്. കാരണം, മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതിയായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. 
 
വെള്ളാപ്പള്ളി പങ്കെടുക്കുന്ന ചടങ്ങിന് മുഖ്യമന്ത്രി എത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മൈക്രോഫിനാന്‍സ് കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ വെള്ളാപ്പള്ളിക്കെതിരെ തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഈ സാഹചര്യത്തിൽ ജിലന്‍സിന്റെ ചുതല വഹിക്കുന്ന മുഖ്യമന്ത്രി തന്നെ പ്രതിക്കൊപ്പം വേദി പങ്കിടുന്നത് പാർട്ടിക്കിടയിൽ തന്നെ ആശങ്ക വളർത്തുന്നുണ്ട്.
 
ചെത്തുകാരന്റെ മകനെന്ന് വിളിച്ചും മറ്റും പലവട്ടം പിണറായിയെ അപമാനിച്ച വെള്ളാപ്പള്ളി ഇപ്പോൾ പറയുന്നത് മിടുക്കനായ മുഖ്യമന്ത്രിയെന്നാണ്. അദ്ദേഹവുമായ് ഇനിയും വേദി പങ്കിടുന്നതിൽ സന്തോഷമേ ഉള്ളുവെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. എസ്എന്‍ഡിപിയുടെയും അനുബന്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. 
 
ഇപ്പോൾ പിണറായി ഭക്തിയുമായി എത്തിയിരിക്കുന്നതിനു പിന്നിൽ വൻ കളിയുണ്ടെന്നാണ് പരക്കെ പറഞ്ഞുകേൾക്കുന്നത്. വിജിലൻസിന്റെ കുരുക്ക് അഴിച്ചെടുക്കുകയാണ് വെള്ളപ്പള്ളിയുടെ ലക്ഷ്യമെന്നും ആരോപണങ്ങൾ ഉണ്ട്. എപ്പോഴും പറയുന്നതു പോലെ തന്നെ  നിയമം നിയമത്തിന്റെ വഴിയേ പോകുമെന്നാണ് ഇക്കാര്യത്തിലും മുഖ്യന്റെ പ്രതികരണമെങ്കിൽ അത് വെള്ളാപ്പള്ളിയുടെ വഴിയേ പോകുമോയെന്ന എന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകർ. ഏതായാലും ഇക്കാര്യത്തിൽ എന്ത് നിലപാടായിരിക്കും മുഖ്യമന്ത്രി സ്വികരിക്കുക എന്നതാണ് ഇപ്പോൾ ആകാംഷയുണർത്തുന്നത്.

വെബ്ദുനിയ വായിക്കുക