മന്ത്രിസഭാ തീരുമാനങ്ങൾ വെബ്സൈറ്റിൽ, ഉത്തരവിറങ്ങി

ശനി, 23 ജൂലൈ 2016 (11:23 IST)
മന്ത്രിസഭാ തീരുമാനങ്ങൾ 48 മണിക്കൂറിനകം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ ഇന്നു പുറത്തിറക്കി. ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. വിവരാവകാശ കമ്മിഷനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
 
സർക്കാരിന്റെ തീരുമാനങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിൽ കാലതാമസം വരികയാണെങ്കിൽ അത് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നു. പുതിയ മന്ത്രിസഭാ തീരുമാനങ്ങൾ വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തുമെന്ന് ഉത്തരവിറക്കിയെങ്കിലും മുൻ സർക്കാരിന്റെ തീരുമാനങ്ങൾ പരസ്യപ്പെടുത്തില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 
 
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ അവസാനത്തെ മൂന്ന് മാസത്തെ തീരുമാനങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവരാവകാശ ഹര്‍ജിയിലായിരുന്നു വിവരാവകാശ കമ്മിഷണറുടെ നിര്‍ദേശം. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക