പുനലൂരിൽ പ്രവാസി വ്യവസായി സുഗതൻ ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണമായ എ ഐ വൈ എഫിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സുഗതൻ ആത്മഹത്യ ചെയ്തത് എ ഐ വൈ എഫ് കൊടിനാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണെന്നും സംഭവം ദൗർഭാഗ്യകരമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
കൊടി നാട്ടിയുള്ള സമരം അനാവശ്യമാണെന്നും കണ്ണിൽ കാണുന്നിടത്തൊക്കെ കൊണ്ടുപോയി നാട്ടാനുള്ളതല്ല പാർട്ടിയുടെ കൊടിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും എതിര്‍ത്തിട്ടും ഇപ്പോഴും നോക്കുകൂലി വ്യവസ്ഥ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊടി നാട്ടുന്ന സംഭവത്തിൽ ഏത് പാർട്ടിയായാലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എ ഐ വൈ എഫ് നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുഗതൻ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഒരു സംഘടനയുടെയും നോക്കുകൂലി അനുവദിക്കില്ല. ട്രേഡ് യൂണിയനുകളുടെ യോഗം ഉടൻ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.