രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും

രേണുക വേണു

ബുധന്‍, 19 മാര്‍ച്ച് 2025 (14:48 IST)
മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതല്‍ ജില്ലാ, സംസ്ഥാന തലം വരെ വിപുലമായ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. 
 
ഏപ്രില്‍ 21ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. വിവിധ ആനുകൂല്യങ്ങള്‍ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജില്ലാതല പ്രദര്‍ശന - വിപണന മേളകളുമുണ്ടാകും.
 
ജില്ലാതല യോഗങ്ങള്‍ 
 
ഏപ്രില്‍ 21 - കാസര്‍ഗോഡ്
ഏപ്രില്‍ 22 - വയനാട്
ഏപ്രില്‍ 24 - പത്തനംതിട്ട
ഏപ്രില്‍ 28 - ഇടുക്കി
ഏപ്രില്‍ 29 - കോട്ടയം
മെയ് 5 - പാലക്കാട്
മെയ് 6 - കൊല്ലം
മെയ് 7 - എറണാകുളം
മെയ് 12 - മലപ്പുറം
മെയ് 13 - കോഴിക്കോട്
മെയ് 14 - കണ്ണൂര്‍
മെയ് 19 - ആലപ്പുഴ
മെയ് 20 - തൃശ്ശൂര്‍
മെയ് 21 - തിരുവനന്തപുരം
 
ഇതിനുപുറമെ സംസ്ഥാന തലത്തില്‍ പൊതുപരിപാടികളും സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ യുവജനങ്ങളുമായും വനിതാവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വനിതകളുമായും എസ്.സി/എസ്.ടി വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുമായും സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുമായും സയന്‍സ് & ടെക്‌നോളജി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രൊഫഷണലുകളുമായും ചര്‍ച്ച നടത്തും. 
 
സംസ്ഥാനതല യോഗങ്ങള്‍
 
മെയ് 3 - യുവജനക്ഷേമം - കോഴിക്കോട്
മെയ് 4 - വനിതാവികസനം - എറണാകുളം
മെയ് 10 - സാംസ്‌കാരികം - തൃശൂര്‍
മെയ് 11 - ഉന്നതവിദ്യാഭ്യാസരംഗം - കോട്ടയം 
മെയ് 17 - പ്രൊഫഷണലുകളുമായി ചര്‍ച്ച - തിരുവനന്തപുരം
മെയ് 18 - പട്ടികജാതി - പട്ടികവര്‍ഗ്ഗം - പാലക്കാട്
 
പ്രദര്‍ശനങ്ങള്‍ക്ക് പുറമെ ചര്‍ച്ചകള്‍, കായിക മത്സരങ്ങള്‍ തുടങ്ങി മറ്റു ആഘോഷ പരിപാടികളും സംഘടിപ്പിക്കും. പരിപാടികള്‍ക്ക് ജില്ലാതല സംഘാടക സമിതികള്‍ ഉണ്ടാകും. ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ ജനറല്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും തുടര്‍ നടപടികളും സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍