ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരുന്നത് കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണമാകും; പ്രചാരണത്തില്‍ വിഎസിന് പ്രത്യേക പരിഗണന- പിണറായി

Webdunia
വെള്ളി, 22 ഏപ്രില്‍ 2016 (12:21 IST)
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഎസ് അച്യുതാനന്ദന് പ്രത്യേക പരിഗണനയാണുള്ളത്. വിജയിച്ചാല്‍ മുഖ്യമന്ത്രി ആരാകുമെന്ന വിഷയത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വിജയത്തിനുശേഷം ചര്‍ച്ചകള്‍ നടത്തി ഈ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പിണറായി പറഞ്ഞു.

ഇത്രയും ആരോപണങ്ങള്‍ നേരിട്ട മുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരുന്നത് കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണമാകും. സാമൂഹിക നീതിയും സമത്വവും ഉറപ്പു നല്‍കുന്ന വികസനമാണ് എല്‍ഡിഎഫിന്റേതെന്നും പിണറായി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പോസ്‌റ്ററുകളില്‍ ആരുടെയും ചിത്രത്തിന് അമിത പ്രധാന്യമില്ല. പ്രചാരണത്തില്‍ പ്രധാനപ്പെട്ടയാളാണ് വിഎസ് താന്‍ പൊളിറ്റ് ബ്യൂറോ അംഗവും സ്ഥാനാര്‍ഥിയുമാണ്. കോടിയേരി ബാലകൃഷ്‌ണന്‍ സംസ്ഥാന സെക്രട്ടറിയും. അതിനാലാണ് തെരഞ്ഞെടുപ്പ് പോസ്‌റ്ററുകളില്‍ മൂന്ന് പേരുടെ ചിത്രമെന്നും പിണറായി പറഞ്ഞു. പ്രചാരണ നായകന്‍‌മാരായിട്ടാണ് മൂന്നു പേരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാലം മാറുന്നതിന് അനുസരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മാറ്റം വരാറുണ്ട്. അതിനാലാണ് മൊബൈല്‍ ഫോണും ട്രെയിനും പ്രചാരണത്തിന്റെ ഭാഗമാക്കിയത്. ഇത്തരം മാര്‍ഗങ്ങള്‍ ജനങ്ങളെ സ്വാധീനിക്കാറുണ്ടെന്നും പിണറായി ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.