പിണറായിക്കെതിരെ മത്സരിക്കാന്‍ ആവശ്യപ്പെട്ടു; സുധാകരന്‍ ഒഴിഞ്ഞുമാറി

ശനി, 19 ജൂണ്‍ 2021 (08:39 IST)
നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.സുധാകരനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുധാകരനെ സ്ഥാനാര്‍ഥിയാക്കാനാണ് കെപിസിസി തീരുമാനിച്ചിരുന്നത്. കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രനാണ് സുധാകരനെ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായം ആദ്യം മുന്നോട്ടുവയ്ക്കുന്നത്. ധര്‍മ്മടത്ത് പിണറായി വിജയന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ എങ്കിലും പാര്‍ട്ടി ശ്രമിക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നാന്‍ സുധാകരനെ സ്ഥാനാര്‍ഥിയാക്കുകയാണ് വഴിയെന്നായിരുന്നു വിലയിരുത്തല്‍. ഇക്കാര്യം മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് സുധാകരന്‍ തീര്‍ത്തുപറഞ്ഞു. ശക്തമായ ഇടത് കോട്ടയില്‍ പിണറായി വിജയനെ പോലൊരു നേതാവിനോട് മത്സരിച്ചാല്‍ ജയിക്കാന്‍ സാധിക്കില്ലെന്ന് സുധാകരന് ഉറപ്പായിരുന്നു. മാത്രമല്ല, മത്സരിച്ച് തോറ്റാല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുക്കാന്‍ നോക്കുന്നവര്‍ക്ക് അടിക്കാനുള്ള വടി കൊടുക്കലാകുമെന്നും സുധാകരപക്ഷം വിലയിരുത്തി. പിണറായി വിജയനെ പേടിച്ചാണ് സുധാകരന്‍ മത്സരരംഗത്ത് നിന്ന് മാറിനിന്നതെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനമുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍