ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഇതിഹാസം മില്‍ഖാ സിങ് അന്തരിച്ചു

ശനി, 19 ജൂണ്‍ 2021 (06:59 IST)
ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഇതിഹാസം ഒളിംപ്യന്‍ മില്‍ഖാ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിച്ച് ഒരുമാസമായി ചണ്ഡീഗഢിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മില്‍ഖാ സിങ്ങിന്റെ ആരോഗ്യനില ഇന്നലെ രാത്രിയോടെ കൂടുതല്‍ ഗുരുതരമാകുകയായിരുന്നു. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മില്‍ഖാ സിങ്ങിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. മേയ് 20 നാണ് അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജന്‍ ലെവല്‍ കുറയുകയും ചെയ്തു. ഇതോടെ 91-കാരനായ താരത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

പറക്കും സിഖ് എന്ന പേരിലാണ് മില്‍ഖ സിങ് അറിയപ്പെടുന്നത്. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിങ് 1956 മെല്‍ബണ്‍ ഒളിംപിക്‌സിലും 1960 റോം ഒളിംപിക്‌സിലും 1964 ടോക്യോ ഒളിംപിക്‌സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു. 

ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിംപിക്‌സില്‍ 400 മീറ്ററില്‍ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. 1958-ല്‍ കട്ടക്കില്‍ നടന്ന ദേശീയ ഗെയിംസില്‍ 200, 400 മീറ്ററിലും അദ്ദേഹം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 1964-ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ഗെയിംസില്‍ 400 മീറ്ററില്‍ അദ്ദേഹം വെള്ളിയും നേടി. 1959 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍