അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളുന്നു, സംശയിച്ചത് ശരിയായി: വിശദമായ മറുപടി പിന്നീടെന്ന് മുഖ്യമന്ത്രി

അഭിറാം മനോഹർ
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (11:32 IST)
തനിക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ഇടത് എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളികളയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ മറുപടി പിന്നീട് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പിവി അന്‍വര്‍ നേരത്തെ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിന് പിന്നിലെന്ന് സംശയങ്ങളുണ്ടായിരുന്നു. ഒരു എംഎല്‍എ എന്ന നിലയ്ക്ക് അദ്ദേഹം ഉന്നയിച്ച കാര്യങ്ങളില്‍ ഏറ്റവും മികച്ച അന്വേഷണ സംവിധാനം ഏര്‍പ്പെടുത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതില്‍ അദ്ദേഹം തൃപ്തനല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. നേരത്തെ സംശയിച്ചത് പോലെ തന്നെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
 പാര്‍ട്ടിക്കും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് അന്‍വര്‍ ഇന്നലെ പറഞ്ഞിട്ടുള്ളത്. എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പറയുന്നതും കേട്ടു.എല്‍.ഡി.എഫില്‍നിന്ന് വിട്ടുനില്‍ക്കുന്നുന്നുവെന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ പങ്കെടുക്കില്ലെന്നും സ്വയം അറിയിച്ചു. അദ്ദേഹം പറഞ്ഞതിന് വിശദമായി മറുപടി പറയേണ്ടതുണ്ട്. അക്കാര്യങ്ങളിലേക്ക് പിന്നീട് പ്രതികരിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
 
പാര്‍ട്ടിക്കും സര്‍ക്കാരിനും എല്‍ഡിഎഫിനും എതിരെ അന്‍വര്‍ ഉന്നയിച്ച എലാ കാര്യങ്ങളും തള്ളിക്കളയുന്നു. അത് പൂര്‍ണമായും എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ആരോപണമായെ കണക്കാക്കാനാകു. ഈ നിലപാട് നേരത്തെ നിശ്ചയിച്ച അന്വേഷണസംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. അത് കൃത്യമായി നിഷ്പക്ഷമായി തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article