വയനാട് ദുരന്തം: സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, പൊതുപരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചതായി മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 ജൂലൈ 2024 (18:31 IST)
വയനാട്ടില്‍ ഉണ്ടായ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതു പരിപാടികളും ആഘോഷങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ദേശീയപതാക താഴ്ത്തിക്കെട്ടി ദുഃഖാചരണത്തിന്റെ ഭാഗമാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിഎംഡിആര്‍ഫിലേയ്ക്ക് 50 ലക്ഷം കേരള ബാങ്ക് ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്നെ നല്‍കിയിട്ടുണ്ട്. സിയാല്‍ 2 കോടി രൂപ വാഗ്ദാനം നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ 5 കോടി രൂപ സഹായമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
അതേസമയം വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം പടിഞ്ഞാറന്‍ / വടക്കു പടിഞ്ഞാറന്‍ കാറ്റ് അടുത്ത 2- 3  ദിവസം ശക്തമായി തുടരാന്‍ സാധ്യതയുമുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം മഴ തുടരും. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. മുന്നറിയിപ്പുകള്‍ അനുസരിച്ച് നിയന്ത്രണം പാലിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍