അന്വേഷണ കമ്മീഷന്റെ ഫോണ്‍രേഖകള്‍ ശരിവെച്ച് സരിത: പി സി വിഷ്‌ണുനാഥ് 183 തവണ വിളിച്ചു; ഒരു വര്‍ഷത്തിനിടെ ജിക്കുമോന്‍ വിളിച്ചത് 475 തവണ

Webdunia
വെള്ളി, 5 ഫെബ്രുവരി 2016 (14:00 IST)
അന്വേഷണത്തിന്റെ ഭാഗമായി സോളാര്‍ അന്വേഷണ കമ്മീഷന്‍ ശേഖരിച്ച ഫോണ്‍രേഖകള്‍  ശരിവെച്ച് സരിത എസ് നായര്‍. എം എല്‍ എമാരായ ബെന്നി ബഹനാനും പി സി വിഷ്‌ണുനാഥും കെ സി വേണുഗോപാലും വിളിച്ചിട്ടുണ്ടെന്ന  കാര്യം സരിത കമ്മീഷനു മുമ്പില്‍ സ്ഥിരീകരിച്ചു. 
 
പി സി വിഷ്‌ണുനാഥ് 183 തവണയും കെ സി വേണുഗോപാല്‍ 58 തവണയും ബെന്നി ബഹനാന്‍ എട്ടു തവണയും വിളിച്ചതായാണ് കമ്മീഷന്‍ ശേഖരിച്ച രേഖകളില്‍ വ്യക്തമാക്കുന്നത്. കൂടാതെ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഡല്‍ഹിയിലെ പി എ പ്രദോഷ് 127 തവണയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വീട്ടില്‍ നിന്നുമായി 50 തവണയും വിളിച്ചതായും രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. ഇതും സരിത ശരി വെച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 475 തവണ ജിക്കുമോന്‍ വിളിച്ചതായും ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
 
അബ്‌ദുള്ളക്കുട്ടിയെ മൂന്നു തവണ കണ്ടിരുന്നതായും സരിത സോളാര്‍ കമ്മീഷനു മുമ്പില്‍ അറിയിച്ചു. മണ്ഡലത്തില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായിരുന്നു അബ്‌ദുള്ളക്കുട്ടിയെ കണ്ടത്. രമേശ് ചെന്നിത്തലയെ കണ്ടിട്ടുണ്ടെന്നും സരിത കമ്മീഷനു മുമ്പില്‍ സമ്മതിച്ചു.
 
കൂടാതെ, എം ഐ ഷാനവാസുമായി സോളാര്‍ പദ്ധതികള്‍ ആലോചിച്ചിരുന്നെന്നും സരിത പറഞ്ഞു. പി എ ശൈലേഷ് കോഴിക്കോടും വയനാടും സഹായങ്ങള്‍ വാഗ്‌ദാനം ചെയ്തെന്നും സരിത കമ്മീഷനു മുമ്പില്‍ പറഞ്ഞു.