വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് പണം തട്ടല്‍: ഒരാള്‍ പിടിയില്‍

Webdunia
ഞായര്‍, 17 ഏപ്രില്‍ 2016 (16:41 IST)
വിവിധ വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് തമിഴ്നാട്ടില്‍ കൊണ്ടുപോയി റെന്‍റ് എ കാര്‍ വ്യവസ്ഥയില്‍ മറിച്ചു നല്‍കുകയും പിന്നീട് വാഹന ഉടമകളില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്ന സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നൂറണി മോഡേണ്‍ ഗാര്‍ഡനിലെ അബു എന്ന മുഹമ്മദ് ഹനീഫ (31) യാണു വട്ടിയൂര്‍ക്കാവ് പൊലീസ് വലയിലായത്.

നെട്ടയം സ്വദേശി ഷിബു ബാലന്‍റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു വരികയാണ് ഇയാള്‍ എന്നാണു പൊലീസ് അറിയിച്ചത്. തൃശൂര്‍ സ്വദേശിയായ ഷിബു ബാലന്‍ വാഹനങ്ങള്‍ മറിച്ചു വില്‍ക്കുന്നയാളാണെന്നും വര്‍ഷങ്ങളായി ഇയാള്‍ നെട്ടയത്ത് താമസിച്ചു വരികയാനെന്നും പൊലീസ് അറിയിച്ചു.

ഷിബു വളരെ കൃത്യമായ ഇടപാടുകള്‍ നടത്തുമെങ്കിലും ഇടനിലക്കാരനായ മുഹമ്മദ് ഹനീഫ വാഹന ഉടമകള്‍ വാഹനങ്ങള്‍ തിരികെ ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തി വന്‍ തുക ആവശ്യപ്പെട്ടിരുന്നു.

വട്ടിയൂര്‍ക്കാവില്‍ നിന്ന് 6, കരമന നിന്ന് 4, മറ്റു സ്ഥലങ്ങളില്‍ നിന്ന് 5 എന്നിങ്ങനെ വാഹനങ്ങള്‍ പാലക്കാട്ട് എത്തിച്ചിരുന്നു. വട്ടിയൂര്‍ക്കാവില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു മുഹമ്മദ് ഹനീഫ പിടിയിലായത്. പ്രതിയെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം