പെരിന്തല്‍മണ്ണ പുലാമന്തോള്‍ പാലൂര്‍ ആലഞ്ചേരി പൂരത്തിന്‍റെ എഴുന്നള്ളത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ഞെരിച്ചു കൊന്നു. പത്തനംതിട്ട തിരുവല്ല ചുങ്കപ്പാറ കോട്ടുങ്ങല്‍ പീച്ചനാട്ട് ഭാസ്കരന്‍റെ മകന്‍ അനില്‍ കുമാര്‍ എന്ന 52 കാരനാണ് ഈ ഹതഭാഗ്യന്‍.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ തൃശൂര്‍ സ്വദേശിയുടെ വടക്കുംനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ശാന്തനാക്കാന്‍ ശ്രമിക്കവേ ആന അനില്‍ കുമാറിനെ തുമ്പിക്കൈകൊണ്ട് ഉയര്‍ത്തി കൊമ്പുകള്‍ക്കിടയില്‍ വച്ച് അമര്‍ത്തി. അര മണിക്കൂറോളം കൊമ്പുകള്‍ക്കിടെ ഞെരുങ്ങിക്കിടന്ന അനില്‍ കുമാറിനെ മറ്റ് പാപ്പാന്‍മാരുടെ സഹായത്തോടെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് ആന കണ്‍മുമ്പില്‍ കണ്ട വാഹനങ്ങളും ഇലക്‍ട്രിക് പോസ്റ്റുകളും വഴിയോരക്കടകളും തകര്‍ത്ത് മുന്നോട്ടോടി. ഇടയ്ക്ക് പത്ത് വാഹനങ്ങള്‍ പൂര്‍ണ്ണമായും പത്ത് വാഹനങ്ങള്‍ ഭാഗികമായും ആന തകര്‍ത്തു. രണ്ട് കിലോമീറ്ററോളം റോഡിലൂടെ ഓടിയ ആന ഒടുവില്‍ പുലാമന്തോള്‍ ജി.വി.എച്ച്.എസ്.എസ് കാമ്പസില്‍ കയറി. ഏറേ കഴിഞ്ഞ് തൃശൂരില്‍ നിന്നെത്തിയ എലിഫന്‍റ് സ്ക്വാഡ് വടവും മറ്റും ഉപയോഗിച്ച് ആനയെ തളച്ചു.