പിസിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണിയാടന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി

Webdunia
ചൊവ്വ, 21 ജൂലൈ 2015 (20:25 IST)
പി സി ജോര്‍ജിനെ എം എല്‍ എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട്  കേരളാ കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരം ജോര്‍ജിനെ അയോഗ്യനാക്കണമെന്നാണ് കത്തിലെ ആവശ്യം.

താന്‍ യുഡിഎഫിലോ മറ്റു കക്ഷികളിലോ ഇപ്പോള്‍ ഇല്ലെന്ന് കാണിച്ച് പിസി ജോര്‍ജ് ജൂണ്‍ നാലാം തീയതി സ്പീക്കര്‍ക്ക് നല്‍കിയ കത്തും തെളിവായി ഉണ്ണിയാടന്‍ സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ട്.  ഇതുകൂടാതെ കത്തില്‍ ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ജോര്‍ജ്‌ തനിയെ പാര്‍ട്ടി വിട്ടു പോയെന്നും പറയുന്നു. ഇത് സംബന്ധിച്ച് ഏഴു ദിവസത്തിനുള്ളില്‍ തെളിവെടുപ്പു നടത്തിയ ശേഷമായിരിക്കും സ്പീക്കര്‍ അന്തിമ തീരുമാനം എടുക്കുക. ഇത് സംബന്ധിച്ച് നിയമ വശങ്ങളും സ്പീക്കര്‍ പരിഗണിക്കും.