യൂത്ത് കോണ്‍ഗ്രസും പിസി ജോര്‍ജും തമ്മിലുള്ള ബ്ലോഗ് യുദ്ധം മുറുകുന്നു. തുല്യനല്ലാത്തതിനാലും നപുംസക ഗണത്തില്‍ പെടുന്നതിനാലും ഇനി ഗവ. പി.സി. ജോര്‍ജിനോട് കളിക്കില്ലെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ആഞ്ഞടിച്ചു കോണ്ട് പിസി വീണ്ടും ബ്ലോഗെഴുതി.
തല്ലരുതമ്മാവാ... ഞാന്‍ നന്നാവില്ല എന്ന തലക്കെട്ടില്‍ യൂത്തന്മാരേ പിസി കണക്കറ്റ് പരിഹസിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നവരുടെ ഇളമുറക്കാര്‍ക്ക് നെയ്യാര്‍ ഡാം പരിസരത്ത് നടന്ന കൂട്ടായ്മയ്ക്കിടയില്‍ ചില വെളിപാടുകള്‍ ഉണ്ടായിരിക്കുന്ന.. എന്നു തുടങ്ങുന്ന ബ്ലോഗെഴുത്തില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ക്കെതിരെ നിറഞ്ഞ വിമര്‍ശനമാണുള്ളത്.
തലയ്ക്കകത്ത് ആളുതാമസമില്ലാതെ, രാഷ്ട്രീയ പ്രായോഗികതയില്ലാത്ത 'ബ്രിഗേഡു'മായി മനുഷ്യന് വേണ്ടാത്ത പരസ്യ പ്രചാരണവും ഗോഷ്ടികളുമായി നടന്നാല്‍ രാഷ്ട്രീയമാകില്ലെന്ന് ഉപദേശിക്കാനും അദ്ദേഹം മറന്നില്ല. രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിക്കുന്ന ഇതില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ടെസ്റ്റ് പേപ്പര്‍ പരീക്ഷ പാസാകലും സംഘടനാ ഭാരവാഹിത്വത്തിനുള്ള മാനദണ്ഡങ്ങളാക്കി തൊട്ടടുത്ത വീട്ടിലുള്ളവനു പോലും പരിചയമില്ലാത്തവര്‍ ഒരു സുപ്രഭാതത്തില്‍ ഖദര്‍ ഇട്ടു നടന്നാല്‍ ജനപിന്തുണ കിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തലും ഉണ്ട്.
രാഹുലിനെ വിമര്‍ശിച്ചതോടെ ബ്ലോഗ് യുദ്ധത്തിന് രാഷ്ട്രീയമായ പുതിയൊരു വിവാദത്തിനു വഴിവയ്ക്കുമെന്നാണ് കരുതുന്നത്. യൂത്ത് കോണ്‍ഗ്രസ്സുകാരുടെ നിലവാരത്തിലേക്ക് താന്‍ എത്തണമെങ്കില്‍ കൈക്കൂലി മേടിക്കണം, ബ്ലേഡു കമ്പനി നടത്തണം, മണല്‍ ഊറ്റണം, തടി കക്കണം, മിനിമം രണ്ടു പെണ്ണുകേസെങ്കിലും ഉണ്ടാകണം, രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ കോടീശ്വരനാകുന്ന തന്ത്രം പഠിക്കണം തുടങ്ങിയ ഗുണങ്ങളുണ്ടാകണമെന്ന് പറഞ്ഞിരിക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാമ്പില്‍ അവതരിപ്പിച്ച സംഘടനാ പ്രമേയത്തില്‍ പിസി ജോര്‍ജിനെ നപുംസകം എന്നാണ് യൂത്ത് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരുന്നത്. തരംതാണ പ്രചാരത്തിനുവേണ്ടി പ്രസ്താവന നടത്തുന്ന ജോര്‍ജിനെപ്പോലുള്ള നപുംസകങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ കഴിയാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഴിവില്‍ സംശയമുണ്ടെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
ഇതിനുള്ള മറുപടിയായാണ് പിസി ജോര്‍ജ്ജ് ബ്ലോഗില്‍ യൂത്ത് കോങ്രസ്സിനേയും നേതാക്കന്മാരേയും തരം താഴ്ത്തുന്ന രീതിയി എഴുതി പിടിപ്പിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാരുടെ നിലവാരത്തിലേക്ക് ഒരിക്കലും താഴാന്‍ തനിക്കു കഴിയില്ലെന്നും ഗ്രാമീണ ഭാഷ സംസാരിക്കുന്ന തനി നാട്ടിന്‍പുറത്തുകാരനാണ് താനെന്നും പി.സി. ബ്ലോഗില്‍ വ്യക്തമാക്കുന്നു. നിങ്ങളുടെ നിലവാരത്തിലെത്താന്‍ എന്നെ തല്ലരുത്, ഞാന്‍ നന്നാകില്ല എന്നു പറഞ്ഞാണ് ബ്ലോഗ് അവസാനിപ്പിക്കുന്നത്.