സര്‍ക്കാര്‍ ഹോമുകളില്‍ താമസിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും പോഷണ നിലവാരം ഉയര്‍ത്തുന്നതിനായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച പഴക്കൂട പദ്ധതിയ്ക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് പഴക്കൂടയ്ക്ക് തുടക്കം കുറിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മഹിളാ മന്ദിരങ്ങള്‍, ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍, റെസ്‌ക്യൂ ഹോമുകള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് പഴക്കൂട പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പോഷണ കുറവ് പരിഹരിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പോഷണ മാസാചരണത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതിയാണ് പഴക്കൂട. ന്യൂട്ടി ഗാര്‍ഡന്‍, തേന്‍കണം, പാരന്റിംഗ് എന്നീ പദ്ധതികള്‍ക്കായി കഴിഞ്ഞ ദിവസം 1.84 കോടി രൂപ അനുവദിച്ചിരുന്നു. അതിന് പിന്നാലെയാണ് പഴക്കൂടയ്ക്കും തുകയനുവദിച്ചത്. പഴക്കൂട പദ്ധതിയിലൂടെ ഹോമുകളില്‍ താമസിക്കുന്ന കുട്ടികളുടെ നിത്യേനയുള്ള ഭക്ഷണ ക്രമത്തില്‍ പോഷക സമ്പുഷ്ടമായ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തും. ഓരോ ദിവസവും തദ്ദേശീയമായി ലഭിക്കുന്ന പഴവര്‍ഗങ്ങളായിരിക്കും ഇത്തരത്തില്‍ ഉള്‍പെടുത്തുക. ഇതിലൂടെ കൂട്ടികളുടെ പോഷണ നിലവാരം വളരെയധികം ഉയര്‍ത്തുവാന്‍ സാധിക്കുന്നതാണ്. മഹിളാ മന്ദിരങ്ങളിലെ താമസക്കാരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.