സംസ്ഥാന സര്‍ക്കാര്‍ പരമാവധി പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും കാലാവധി പൂര്‍ത്തിയാക്കുന്നതിനകം നല്‍കുന്ന പട്ടയങ്ങളുടെ എണ്ണം രണ്ടു ലക്ഷമാക്കുകയാണ് ലക്ഷ്യമെന്നും റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ജില്ലയില്‍ സെപ്റ്റംബര്‍ 30 ന് കളക്ടറേറ്റ് അങ്കണത്തില്‍ പകല്‍ നാലിന് നടക്കുന്ന പട്ടയ വിതരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പട്ടയ വിതരണം സംബന്ധിച്ച് ജില്ലാ കളക്ടറുടെ ചേംബറില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 1,40,473 പട്ടയങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇത് 84,426 ആയിരുന്നു. പരമാവധി പട്ടയം കൊടുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നതില്‍ നിയമക്കുരുക്കഴിച്ച് തിരിച്ചെടുക്കും എന്നും മന്ത്രി പറഞ്ഞു.
സ്ഥിരമായി താമസിക്കുന്ന വീട് നമ്പര്‍, വൈദ്യുതി കണക്ഷന്‍ ലഭിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയുള്ളവരെ താമസ സ്ഥലത്തു നിന്നും ഇറക്കിവിടരുത് എന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. ഇത്തരക്കാര്‍ക്ക് താമസിച്ചുവരുന്ന ഇടങ്ങളില്‍ തുടരാന്‍ അനുവാദം നല്‍കണമെന്നാണ് അഭിപ്രായമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.