മാതാവിനെ കൊലപ്പെടുത്തിയ മകന്‍ തൂങ്ങിമരിച്ചു

Webdunia
വെള്ളി, 27 ജൂണ്‍ 2014 (15:47 IST)
മാതാവിനെ കൊലപ്പെടുത്തിയ ശേഷം അദ്ധ്യാപകനായ മകന്‍ തൂങ്ങിമരിച്ചു. സരസു സോമരാജന്‍ എന്ന 55 കാരിയായ മാതാവിനെ അവിവാഹിതനും 35 കാരനുമായ മകന്‍ അഭിലാഷാണു കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. വടശേരിക്കര ടിടിടിപിഎം ഹൈസ്കൂളിലെ മലയാളം അദ്ധ്യാപകനാണു മരിച്ച അഭിലാഷ്. ഇന്നു രാവിലെയാണു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.  

കോന്നിയിലെ ചൈനാ മുക്കിലുള്ള രാജ് നിവാസിലാണ്‌ അമ്മയും മകനും താമസിക്കുന്നത്. സരസുവിന്റെ ഭര്‍ത്താവ് സോമന്‍ ഏറെനാളായി ഭാര്യയുമായി പിണങ്ങി വേറെയാണു താമസിക്കുന്നത് എങ്കിലും സരസുവിന്‍റെയും മകന്‍ അഭിലാഷിന്‍റെ കാര്യങ്ങള്‍ നോക്കിയിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നത്.

പതിവു പോലെ നടക്കാനിറങ്ങിയ സോമന്‍ സരസുവിനെ ലാന്‍ഡ് ഫോണില്‍ വിളിച്ചു ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. ഇതിനെ തുടര്‍ന്ന് സോമന്‍ വീട്ടില്‍ വന്നു നോക്കുമ്പോഴാണ്‌ മകന്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. അകത്തെ   ബെഡ് റൂമില്‍ സരസുവിനെ കയര്‍കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ നിലയിലും കാണപ്പെട്ടു. എന്നാല്‍ സരസുവിന്‍റെ മൃതദേഹം പൂര്‍ണ്ണനഗ്നമായിരുന്നു.

അഭിലാഷ് എഴുതിവച്ചിരുന്ന മരണക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇതില്‍ അമ്മയെ ഞാന്‍ കൊണ്ടുപോകുന്നു എന്ന് എഴുതിവച്ചിരുന്നു.