പറവൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ പിതാവടക്കം മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി

Webdunia
വ്യാഴം, 4 ഫെബ്രുവരി 2016 (12:12 IST)
പറവൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേർ കുറ്റക്കാരെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. പ്രതിപട്ടികയിലുള്ള രണ്ടു പേരെ ജഡ്ജി മിനി എസ് ദാസ് വെറുതെവിട്ടു. കുറ്റക്കാർക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.

പെണ്‍കുട്ടിയുടെ പിതാവും പതിനൊന്നാം കുറ്റപത്രത്തിൽ ഉൾപ്പെട്ട ഒന്നാം പ്രതിയുമായ പറവൂര്‍ വാണിയക്കാട് സ്വദേശി സുധീര്‍, ഇടനിലക്കാരനും നാലാം പ്രതിയുമായ കലൂര്‍ മണപ്പാട്ടിപ്പറമ്പ് കോളനിമംഗലത്ത് നൗഷാദ്, അഞ്ചാം പ്രതിയും പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളുമായ ചേന്ദമംഗലം വടക്കുംപുറം വടക്കേകുന്ന് ഹരി എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

2010 ജനുവരിയിലായിരുന്നു കേസിനു ആസ്പദമായ സംഭവം. കൊടുങ്ങല്ലൂര്‍ മത്തേല അഞ്ചപ്പാലത്തെ വീട്ടിലേക്ക് പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. ബൈക്കില്‍ പെണ്‍കുട്ടിയെ കൊടുങ്ങല്ലൂരില്‍ എത്തിച്ച പ്രതി പീഡിപ്പിക്കാനുള്ള സൗകര്യമൊരുക്കുകയായിരുന്നു. 32 സാക്ഷികളെയായിരുന്നു പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.