തദ്ദേശതെരഞ്ഞെടുപ്പ്: സമ്മര്‍ദ്ദങ്ങള്‍ക്കിടെ യുഡിഎഫ് യോഗം ഇന്ന്

Webdunia
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (08:01 IST)
കോണ്‍ഗ്രിസനകത്തും യുഡിഎഫിനകത്തും തര്‍ക്കങ്ങള്‍ നിലനില്‍ക്കെ തദ്ദേശതെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് ചേരും. യുഡിഎഫ് യോഗം 10ന് ക്ലിഫ് ഹൌസില്‍ ചേരും. അതിന് മുമ്പായി എസ്ജെഡിയുമായി 9 മണിക്ക് ഉഭയകക്ഷി ചര്‍ച്ചയും തീരുമാനിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിനകത്തെ ആഭ്യന്തരതര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് യുഡിഎഫ് യോഗം ചേരുന്നത്. ജില്ലാ തലങ്ങളിലെ സീറ്റ് വിഭജനത്തിനുള്ള മാര്‍ഗരേഖക്ക് യോഗം രൂപം നല്‍കുമെന്നാണ് സൂചന. പ്രാദേശിക തലത്തിലും ജില്ലാതലങ്ങളിലുമാണ് തദ്ദേശ തെരഞ്ഞെടുപ്പിന‍്റെ സീറ്റ് വിഭജനം നടക്കുന്നത്. പല ജില്ലകളിലും മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുകയും ചെയ്യുന്നത് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

പ്രമുഖ ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് യുഡിഎഫ് യോഗം ചേരാന്‍ തീരുമാനിച്ചത്. പ്രമുഖ ഘടകകക്ഷികള്‍ക്ക് പുറമേ ചെറുഘടകകക്ഷികളും കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാര്യവും യോഗം ചര്‍ച്ച ചെയ്യും. എന്നാല്‍, കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടതില്ലെന്നും കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വിട്ടുനല്‍കേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ സാഹചര്യമല്ല യുഡിഎഫില്‍ ഇപ്പോഴുള്ളത്. കേരള കോണ്‍ഗ്രസ് ബിയും കേരള കോണ്‍ഗ്രസിന്‍റെ ഭാഗമായിരുന്ന പി സി ജോര്‍ജും മുന്നണിക്ക് പുറത്താണ്. സിഎംപി, ജെഎസ്എസ് എന്നീ ചെറുപാര്‍ട്ടികളുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ മുന്നണിയിലുള്ളത്. അതേസമയം, ആര്‍എസ്, പി ആര്‍എസ്പി (ബി)യുമായി ലയിച്ച് യുഡിഎഫിലെത്തി. ആര്‍എസ്പിക്ക് അധികം സീറ്റ് നല്‍കേണ്ടിവരുമ്പോള്‍ മുന്നണിവിട്ട കക്ഷികളുടെ സീറ്റ് പങ്കിട്ടെടുക്കേണ്ടിയും വരുമെന്നതും തലവേദനയുണ്ടാക്കുന്നതാണ്.

പാലക്കാട് തോല്‍വി, റിപ്പോര്‍ട്ടിന്മേല്‍ നടപടി, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്നിവയില്‍ ധാരണയിലെത്താന്‍ എസ്ജെഡിയുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തുന്നത്.