കേരളം വിധിയെഴുതുന്നു; ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

Webdunia
തിങ്കള്‍, 2 നവം‌ബര്‍ 2015 (08:15 IST)
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 1.11 കോടി വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുക. ഏഴ് ജില്ലകളിലായി 36,161 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയാണ്. വോട്ടെടുപ്പ് നടക്കുന്ന ചില ജില്ലകളിൽ രാവിലെ കനത്ത മഴയായിരുന്നു.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലേക്ക് ഇന്നാണ് വോട്ടെടുപ്പ്. കോഴിക്കോട് കോർപറേഷൻ പരിധിയിലെ ചില ബൂത്തുകൾ, ഗ്രാമ പ്രദേശങ്ങളായ ചെമ്പനോട, ചക്കിട്ടപാറ, ചെരണ്ടത്തൂർ, പയ്യോളി, ഒഞ്ചിയം, മുട്ടുങ്ങൽ, വളയം എന്നിവിടങ്ങളിൽ വോട്ടിങ് മെഷീനുകളിൽ തകരാറിലായെങ്കിലും പ്രശ്‌നം പരിഹരിച്ചു.

വോട്ടെടുപ്പു സമാധാനപരമായി നടത്താനുള്ള സന്നാഹങ്ങൾ പൊലീസും ഏർപ്പെടുത്തി. 38,000 വരുന്ന പൊലീസ് സേന സജ്ജമാണ്. 1316 പ്രശ്നബാധിത ബൂത്തുകൾക്കായി പ്രത്യേക നിരീക്ഷണങ്ങളും ഏർപ്പെടുത്തി. ഇതിൽ ഏറിയപങ്കും കണ്ണൂരിലാണ് – 643.