കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെയാണ് നിലവില്‍ നീട്ടിയിരിക്കുന്നത്. ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്‌നങ്ങളുമുണ്ടെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ച് ടോള്‍ പിരിവ് നിരോധനം നീട്ടിയത്. ഇക്കാര്യത്തിലും ഒപ്പം ടോള്‍ നിരക്ക് കൂട്ടിയ നടപടിയിലും എന്തു നടപടി സ്വീകരിക്കുമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പലയിടത്തും സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനങ്ങള്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ വേണ്ടത്ര മുന്നറിയിപ്പ് ബോര്‍ഡുകളോ അപകടമുണ്ടാകുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളോ ഇല്ല. നാലുവരി പാതയില്‍ നിന്ന് ഒറ്റവരിയിലേക്ക് വാഹനങ്ങള്‍ വന്നു കയറുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഈ മേഖലയിലുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് കോടതി ടോള്‍ നിരോധനം നീട്ടിയത്.