വ്യാജ സന്ദേശങ്ങൾ വിലസുന്നു, പ്രളയ മുന്നറിയിപ്പ് ഔദ്യോഗികമായി നൽകുന്ന പോസ്റ്റുകൾ മാത്രം പരിഗണിക്കുക, നിലവിൽ കേന്ദ്ര ജല കമ്മീഷൻ പ്രഖ്യാപിച്ച മുന്നറിയിപ്പുകൾ ഇങ്ങനെ

അഭിറാം മനോഹർ

ബുധന്‍, 31 ജൂലൈ 2024 (19:13 IST)
Flood Alert, Bharathapuzha
കേന്ദ്ര ജല കമ്മീഷന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെടുന്ന ആശങ്കപ്പെടുത്തുന്ന പോസ്റ്റുകളില്‍ വിശ്വസിക്കരുതെന്ന് അറിയിച്ച് പാലക്കാട് ജില്ല കളക്ടര്‍. ആശങ്കപ്പെടുത്തുന്ന പോസ്റ്റുകള്‍ വിശ്വസിക്കാതെ ഇവ ഔദ്യോഗികമായി നല്‍കിയിരിക്കുന്ന വിവരങ്ങളാണോ എന്നത് ജനങ്ങള്‍ പരിശോധിക്കണമെന്ന് കളക്ടര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

വാട്ട്‌സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിഷയത്തില്‍ പോസ്റ്റുമായി കളക്ടര്‍ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്ത് കേന്ദ്ര ജല കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുള്ള മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകളെ പറ്റിയുള്ള വിശദമായ വിവരങ്ങളും ഔദ്യോഗിക പേജിലൂടെ കളക്ടര്‍ പുറത്തുവിട്ടിട്ടുണ്ട്.
 
 പാലക്കാട് കളക്ടര്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഇങ്ങനെ
 
കേന്ദ്ര ജല കമ്മീഷന്‍ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം ഇന്നേദിവസം ഉച്ചയ്ക്ക് പുറപ്പെടുവിച്ചിട്ടുള്ള അലര്‍ട്ട് ആണ് ഇത്. ആശങ്കപ്പെടുത്തുന്ന സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ വിശ്വസിക്കാതെ ഔദ്യോഗികമായി നല്‍കുന്ന വിവരങ്ങള്‍ മാത്രം പരിഗണിക്കുക.
 
നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു.      
ഓറഞ്ച് അലര്‍ട്ട്: ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷന്‍), തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ (പാലക്കടവ് സ്റ്റേഷന്‍),ഗായത്രി (കൊണ്ടാഴി സ്റ്റേഷന്‍), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷന്‍),  പാലക്കാട് ജില്ലയിലെ ഭാരതപ്പുഴ (കുമ്പിടി സ്റ്റേഷന്‍), പുലംതോട് (പുലാമന്തോള്‍ സ്റ്റേഷന്‍), മലപ്പുറം ജില്ലയിലെ കടലുണ്ടി (കാരത്തോട് സ്റ്റേഷന്‍) എന്നീ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. 
 
മഞ്ഞ അലര്‍ട്ട്: പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷന്‍), തൃശൂര്‍ ജില്ലയിലെ ചാലക്കുടി (അരങ്ങാലി സ്റ്റേഷന്‍), കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷന്‍), കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി (പൂക്കയം സ്റ്റേഷന്‍), പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷന്‍) എന്നീ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.
 
ആയതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍