നിപയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി

രേണുക വേണു

ചൊവ്വ, 23 ജൂലൈ 2024 (15:16 IST)
Veena George

നിപ സംബന്ധിച്ച് സമൂഹമാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണ പരത്തുന്നതിനെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൊതുജനാരോഗ്യ നിയമത്തിലെയും സൈബര്‍ നിയമത്തിലെയും വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
നിപ നേരിടാന്‍ ജില്ലയിലെ ജനങ്ങള്‍ നല്‍കിയ സഹകരണം എടുത്തുപറയേണ്ടതാണെന്നും മാധ്യമങ്ങള്‍ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. 
 
406 പേരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ ലാബ് കോഴിക്കോട്ട് എത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇത് മഞ്ചേരിയില്‍ കൂടി പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി പുരോഗമിച്ചുവരികയാണ്. 
 
വവ്വാലുകളെ നിരീക്ഷിക്കുന്നതിന് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെത്തിയിട്ടുണ്ട്. ഇന്ന് (ചൊവ്വ) വിവിധ സ്ഥലങ്ങളില്‍ നിന്ന് വവ്വാലുകളുടെ സാംപിളുകള്‍ ശേഖരിക്കും.

ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ഫീവര്‍ സര്‍വയലന്‍സ് സംഘം 7200-ലധികം വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചതായും മന്ത്രി അറിയിച്ചു. ആനക്കയം പഞ്ചായത്തില്‍ 95 സംഘങ്ങളും പാണ്ടിക്കാട് പഞ്ചായത്തില്‍ 144 സംഘങ്ങളുമാണ് ഗൃഹസന്ദര്‍ശനം നടത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍