സ്വാതന്ത്ര ദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക; രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ പരാതി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 20 ഓഗസ്റ്റ് 2025 (10:39 IST)
സ്വാതന്ത്ര ദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക.എറണാകുളം എലൂര്‍ പുത്തലത്താണ് സംഭവം. ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാകയാണെന്ന് മനസ്സിലായതിന് പിന്നാലെ പതാക മാറ്റി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം രാഷ്ട്രീയപാര്‍ട്ടികള്‍ സ്വതന്ത്രദിനത്തില്‍ ദേശീയ പതാകയോട് അനാദരവ് കാട്ടിയതായി പരാതികള്‍ വ്യാപകമായി ഉയര്‍ന്നു.
 
കണ്ണൂരിലും പാലക്കാടും മുസ്ലിം ലീഗ്, ബിജെപി, സിപിഎം എന്നീ പാര്‍ട്ടികളാണ് ആരോപണങ്ങള്‍ നേരിടുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം കൊടിമരത്തില്‍ നിന്ന് പാര്‍ട്ടി പതാക നീക്കിയ ശേഷം ദേശീയ പതാക ഉയര്‍ത്തിയതിനാലാണ് പരാതി ഉയര്‍ന്നത്. കണ്ണൂര്‍ പേരാവൂരില്‍ പാര്‍ട്ടി കൊടിമരത്തില്‍ ലീഗ് നേതാക്കള്‍ ദേശീയ പതാക ഉയര്‍ത്തി. ശ്രീകണ്ഠപുരത്ത് പാര്‍ട്ടി കൊടി മരത്തില്‍ ബിജെപി ദേശീയ പതാക ഉയര്‍ത്തി. പാലക്കാട് സിപിഎം ഇഎംഎസ് സ്മാരക മന്ദിരത്തോട് ചേര്‍ന്ന് പാര്‍ട്ടി ഓഫീസിന് സമീപം ദേശീയ പതാക ഉയര്‍ത്തി.
 
പാര്‍ട്ടി പതാക സ്ഥാപിച്ചിരുന്ന കൊടിമരത്തില്‍ നിന്ന് പാര്‍ട്ടി പതാക മാറ്റിയാണ് ദേശീയ പതാക ഉയര്‍ത്തിയത്. നേതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍