അവസരങ്ങൾ ഇനി തളികയിൽ ലഭിക്കില്ല, തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സംപൂജ്യൻ, വിമർശനവുമായി ആരാധകരും

അഭിറാം മനോഹർ

ബുധന്‍, 31 ജൂലൈ 2024 (12:36 IST)
ശ്രീലങ്കക്കെതിരെ തുടര്‍ച്ചയായ രണ്ടാം ടി20യിലും പൂജ്യത്തിന് പുറത്തായതോടെ മലയാളി താരമായ സഞ്ജു സാംസണിനെതിരെ വിമര്‍ശനം കടുക്കുന്നു. തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന പരാതിക്ക് അവസാനമിട്ട് അവസാന 2 മത്സരങ്ങളിലും ടോപ് ഓര്‍ഡറിലാണ് സഞ്ജുവിന് അവസരം ലഭിച്ചത്. എന്നാല്‍ 2 മത്സരങ്ങളിലും നിരുത്തരവാദപരമായ പ്രകടനം നടത്തി അവസരം തുലയ്ക്കുകയാണ് സഞ്ജു ചെയ്തത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ താരത്തിനെതിരെ വിമര്‍ശനം കടുത്തത്.
 
 ഐപിഎല്ലില്‍ തന്റെ ഇഷ്ടപൊസിഷനായ മൂന്നാം നമ്പറില്‍ കളിച്ച സഞ്ജു ചാമിന്ദ വിക്രമസിംഗെയുടെ പന്തില്‍ അനാവശ്യമായ ഷോട്ടിന് ശ്രമിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. നിരുത്തരവാദപരമായി വിക്കറ്റ് നഷ്ടമാക്കിയതോടെ ഇനി തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചില്ലെന്ന് സഞ്ജു ആരാധകര്‍ പരാതി പറയരുതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. കൂടാതെ കീപ്പറെന്ന നിലയില്‍ ശ്രീലങ്കന്‍ താരം കുശാല്‍ പെരേരയുടെ 2 ക്യാച്ചുകളും സഞ്ജു നഷ്ടമാക്കിയിരുന്നു. ഇതും ചേര്‍ന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാണ് സഞ്ജുവിന് ലഭിക്കുന്നത്.
 
ടോപ്പ് ഓര്‍ഡറില്‍ അവസരത്തിനായി അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്ക്വാദ് മുതലായ താരങ്ങള്‍ പുറത്ത് നില്‍ക്കുമ്പോള്‍ ലഭിക്കുന്ന അവസരങ്ങളില്‍ മികച്ച പ്രകടനം നടത്തിയെങ്കില്‍ മാത്രമെ സഞ്ജുവിന് സാധ്യതയുള്ളു. ഇക്കാര്യം മനസില്‍ വെച്ച് മാത്രമാകണം സഞ്ജു കളിക്കേണ്ടതെന്നും ലഭിക്കുന്ന അവസരങ്ങള്‍ ഇത്തരത്തില്‍ തുലയ്ക്കുന്ന താരത്തിന് ഇനിയും അവസരങ്ങള്‍ക്കായി വാദിക്കുന്നതില്‍ അര്‍ഥമില്ലെന്നും ആരാധകര്‍ പറയുന്നു. കീപ്പിംഗില്‍ കൂടി നിരാശപ്പെടുത്തിയതോടെ ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജുവിന് ഇനി കാര്യമായ അവസരങ്ങള്‍ ലഭിക്കില്ലെന്നും ചില ആരാധകര്‍ പറയുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍