പാലക്കാട് കരിമ്പയില്‍ സിമന്റ് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാല് വിദ്യാര്‍ഥിനികളുടെ മൃതദേഹം സംസ്‌കരിച്ചു. പെണ്‍കുട്ടികളുടെ വീടുകളിലും തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലും നടന്ന പൊതുദര്‍ശനത്തില്‍ നൂറുകണക്കിനു ആളുകളാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. തുപ്പനാട് ജുമാ മസ്ജിദില്‍ തൊട്ടടുത്തായാണ് നാല് പേരെയും കബറടക്കിയത്.
മന്ത്രിമാരായ എം.ബി.രാജേഷ്, കെ.കൃഷ്ണന്‍കുട്ടി എന്നിവരും കെ.ശാന്തകുമാരി എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര അടക്കമുള്ള ഉദ്യോഗസ്ഥരും കുട്ടികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രിയപ്പെട്ട സുഹൃത്തുക്കളെ അവസാനമായി കാണാന്‍ സഹപാഠികള്‍ എത്തിയപ്പോള്‍ പൊതുദര്‍ശന സ്ഥലങ്ങള്‍ കണ്ണീര്‍ക്കടലായി.
കരിമ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ചെറുള്ളി പള്ളിപ്പുറം അബ്ദുല്‍ സലാമിന്റെയും ഫാരിസയുടെയും മകള്‍ പി.എ.ഇര്‍ഫാന ഷെറിന്‍ (13), പെട്ടേത്തൊടി അബ്ദുല്‍ റഫീഖിന്റെയും ജസീനയുടെയും മകള്‍ റിദ ഫാത്തിമ (13), കവുളേങ്ങില്‍ സലീമിന്റെയും നബീസയുടെയും മകള്‍ നിദ ഫാത്തിമ (13), അത്തിക്കല്‍ ഷറഫുദ്ദീന്റെയും സജ്‌നയുടെയും മകള്‍ എ.എസ്.ആയിഷ (13) എന്നിവരാണ് ഇന്നലെയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ ലോറി ദേഹത്തേക്കു മറിഞ്ഞാണ് അപകടം.