പദ്മനാഭ സ്വാമിക്ഷേത്രം കേസിലെ അമിക്കസ്‌ക്യൂറിയുടെ ശുപാര്‍ശകളില്‍ ഏതൊക്കെ നടപ്പാക്കാനാകുമെന്ന് രാജകുടുംബം ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ എന്‍ സതീഷിന്റെ റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ രാജകുടുംബത്തിന് കോടതി സമയം നീട്ടിനല്‍കിയിരുന്നു. കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന രാജകുടുംബത്തിന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ബി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ അമിക്കസ്ക്യൂറിക്കെതിരെ രാജകുടുംബം ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങള്‍ സുപ്രീംകോടതി തളളിയിരുന്നു. ക്ഷേത്രത്തിലെ അമിക്കസ്ക്യൂറി പദവിയില്‍ നിന്ന് പിന്മാറാന്‍ സന്നദ്ധനാണെന്ന് ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ അറിയിച്ചിരുന്നു. അമിക്കസ് സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ സന്നദ്ധത കോടതി അംഗീകരിച്ചിരുന്നില്ല.
അതേസമയം, അമിക്കസ്‌ക്യൂറിയുടെ നിലപാടിനെതിരെ രാജകുടുംബത്തിന് എതിര്‍വാദം അറിയിക്കാമെന്നും എതിര്‍പ്പുകള്‍ മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കേസില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് അമിക്കസ്ക്യൂറി അഡ്വക്കറ്റ് ഗോപാല്‍ സുബ്രഹ്മണ്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.