ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം. പാലക്കാട് നിയോജക മണ്ഡലത്തില്‍ സിപിഎം സ്വതന്ത്രനായി ഡോ.പി.സരിന്‍ മത്സരിക്കും. കോണ്‍ഗ്രസ് വിട്ടുവന്ന സരിന് സീറ്റ് നല്‍കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. ഇടതുപക്ഷത്തിന്റെ മുഖ്യശത്രു ബിജെപിയാണെന്നും പാലക്കാട് ബിജെപിക്ക് അവസരം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ചേലക്കര നിയമസഭാ മണ്ഡലത്തില്‍ മുന്‍ എംഎല്‍എയായ യു.ആര്‍.പ്രദീപ് മത്സരിക്കും. നിലവില്‍ കേരള സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആണ്. 2016 ല്‍ 10,200 വോട്ടുകള്‍ക്കാണ് യു.ആര്‍.പ്രദീപ് ചേലക്കരയില്‍ നിന്ന് ജയിച്ചത്. പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കര. എം.എല്‍.എ ആയിരുന്ന കെ.രാധാകൃഷ്ണന്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചതിനെ തുടര്‍ന്നാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കുക സത്യന്‍ മൊകേരി ആണ്. രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ വയനാട് ഉപേക്ഷിച്ചതുകൊണ്ടാണ് അവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.