പി ജയരാജനെ ഡിസ്‌ചാര്‍ജ് ചെയ്തു; ട്രയിനില്‍ കോഴിക്കോട്ടേക്ക് കൊണ്ടു പോകുന്നു

Webdunia
വ്യാഴം, 3 മാര്‍ച്ച് 2016 (08:46 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെ ഡിസ്ചാര്‍ജ് ചെയ്തു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ആരോഗ്യനില തൃപ്‌തികരമായതിനെ തുടര്‍ന്നാണ് ഡിസ്‌ചാര്‍ജ് ചെയ്തത്.
 
ഡിസ്‌ചാര്‍ജ് ചെയ്ത ജയരാജനെ കോഴിക്കോട്ടേക്ക് കൊണ്ടുപോകും. രാവിലെ 8.45ന്‍റെ ഗരീബ് രഥ് എക്സ്പ്രസിലാണ് അദ്ദേഹത്തെ കോഴിക്കോട് എത്തിക്കുക. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
 
മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജയരാജനെ ഇന്ന് ഡിസ്ചാർജ് ചെയ്യാൻ കണ്ണൂർ ജയിൽ സൂപ്രണ്ട് നിർദ്ദേശിക്കുകയായിരുന്നു. മുമ്പ് ചികിത്സിച്ചിരുന്ന ആശുപത്രി എന്ന നിലയിലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്.
 
അതേസമയം, കതിരൂർ മനോജ് കേസിൽ ചോദ്യം ചെയ്യാൻ ജയരാജനെ വിട്ടുകിട്ടണമെന്ന സി ബി ഐയുടെ അപേക്ഷ തലശേരി ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും.