കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെതിരെ സിബിഐ കേസെടുത്തത് ബിജെപി- ആർഎസ്എസ് നേതൃത്വത്തിന്റെ താല്പര്യത്തിനനുസരിച്ച് സംസ്ഥാന സർക്കാർ പ്രവര്‍ത്തിച്ചതു മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. വിഷയത്തില്‍ ആർഎസ്എസും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇത് അത്യന്തം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കണ്ണൂരില്‍ വന്നതിന് പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും ബിജെപി- ആർഎസ്എസ് നേതാക്കൾ കണ്ടിരുന്നു. തുടര്‍ന്നാണ് രാഷ്ട്രീയ ഗൂഢാലോചന നടന്നത്. യുഎപിഎ വകുപ്പനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തതും പിന്നീട് കേസ് സിബിഐയെ ഏൽപ്പിച്ചതും ഇതിന് പിന്നാലെയാണെന്നും വിഎസ് പറഞ്ഞു.
മൂന്ന്, നാല് ദിവസം മുമ്പുവരെ പി ജയരാജൻ കേസിൽ പ്രതിയല്ലെന്നു കോടതിയലടക്കം പറഞ്ഞ സിബിഐയുടെ പെട്ടെന്നുള്ള മലക്കം മറിച്ചിൽ ദുരഹമാണെന്നും വിഎസ് പറഞ്ഞു.
മനോജ് വധക്കേസില്‍ പി ജയരാജനെതിരെ സിബിഐ കേസെടുത്തത് കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ഒരു തെളിവുമില്ലാതെയാണ് ജയരാജനെ പ്രതിയാക്കിയത്. ആര്‍എസ്എസിന്റെ നിര്‍ദേശമനുസരിച്ചാണ് സിബിഐ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ജയരാജനെതിരെ എന്തു തെളിവാണ് സിബിഐക്ക് ലഭിച്ചത്. ആദ്യ അന്വേഷണത്തില്‍ പ്രതിയാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ജയരാജനെതിരെ ഗണ്‍മാന്‍ മൊഴിനല്‍കിയിട്ടുമില. ഭീകരവാദ നിരോധനനിയമം (യുഎപിഎ) ചുമത്തിയത് ജാമ്യം ലഭിക്കാതിരിക്കാനാണ്. കേസില്‍ അദ്ദേഹത്തെ ബോധപൂര്‍വം കുടുക്കിയതാണ്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പിണറായി രാവിലെ പറഞ്ഞു.