ജയരാജനെ സിബിഐ കസ്‌റ്റഡിയിൽ വിട്ടു; മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് കോടതി

Webdunia
ചൊവ്വ, 8 മാര്‍ച്ച് 2016 (12:44 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ ഉപാധികളോടെ മൂന്നു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ജയിലിലോ ആശുപത്രിയിലോ ചോദ്യം ചെയ്യാമെന്നാണ് സിബിഐയുടെ ഹരജിയിൽ തലശേരി പ്രിൻസിപ്പിൽ സെഷൻസ് കോടതി ഉത്തരവിട്ടത്.

9, 10, 11 തീയതികളിലാണ് ജയരാജനെ സിബിഐക്ക് ഭാഗികമായി കസ്റഡിയില്‍ ലഭിക്കുക. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെയാണ് ചോദ്യം ചെയ്യാൻ അനുമതി. ജയരാജന്റ ആരോഗ്യനില സംബന്ധിച്ച് ശ്രദ്ധ വേണമെന്നും സിബിഐയോട് കോടതി നിർദ്ദേശിച്ചു. മൂന്ന് ദിവസത്തെ കസ്‌റ്റഡി ആവശ്യപ്പെട്ടാണ് സിബിഐ അപേക്ഷ നൽകിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ഇന്നു വൈകിട്ടോടെ ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയേക്കും. ബുധനാഴ്ച രാവിലെയോടെ ജയരാജനെ സിബിഐക്ക് കസ്റഡിയില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.