ജയരാജനെ മറ്റൊരു മദനിയാക്കാനുള്ള ശ്രമം നടക്കുന്നു; ഇതിലും വലിയ പ്രതിസന്ധി നേരിട്ടപ്പോഴും അതിജീവിച്ച പാര്‍ട്ടിയാണ് സിപിഎം, കരിനിയമം കാട്ടി ഭയപ്പെടുത്താന്‍ നോക്കേണ്ട- കോടിയേരി

Webdunia
ശനി, 13 ഫെബ്രുവരി 2016 (10:54 IST)
കതിരൂർ മനോജ് വധക്കേസിൽ പ്രതി ചേർത്ത സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനെ മറ്റൊരു മദനിയാക്കാനാണ് സിബിഐ നടത്തുന്നതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിപിഐം നേതാക്കളെ നാടുകടത്താന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശകതമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിനേക്കാള്‍ വലിയ പ്രതിസന്ധി നേരിട്ട ഘട്ടങ്ങള്‍ പാര്‍ട്ടിക്കുണ്ടായിട്ടുണ്ട്. അന്നെല്ലാം അതിനെയെല്ലാം അതിജീവിച്ചിട്ടുമുണ്ട് പാര്‍ട്ടിയാണ് സിപിഎമ്മെന്നും കോടിയേരി പറഞ്ഞു.

കള്ളക്കേസില്‍ കുടുക്കി മദനിയെ 12 കൊല്ലമാണ് ജയിലില്‍ അടച്ചത്. ഇത്തരത്തില്‍ ജയരാജനെ അകത്താക്കി പാര്‍ട്ടിയെ തകര്‍ക്കാം എന്നാണ് കോണ്‍ഗ്രസും ആര്‍എസ്എസും ബിജെപിയും ആലോചിക്കുന്നത്. നേതാക്കളെ ജയിലിൽ അടച്ചോ യുഎപിഎചുമത്തിയോ പാർട്ടിയെ ഉന്മൂലനം ചെയ്യാനാവില്ല. യുഎപിഎ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ജനങ്ങൾക്കിടയിൽ തന്നെ പ്രതിഷേധം ഉയർന്നു വരുന്നുണ്ട്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കോടിയേരി പറഞ്ഞു.

മനോജ് വധക്കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിലൊന്നും തന്നെ ജയരാജൻ പ്രതിയാണെന്ന് സിബിഐ പറഞ്ഞിരുന്നില്ല. പൊടുന്നനെ ജയരാജനെ പ്രതിയാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. ജയരാജന്റെ കാര്യത്തില്‍ നിയമാനുസൃതം ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും സിബിഐ ചെയ്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം അജണ്ടയിലില്ലെന്നും സഖ്യത്തെകുറിച്ച് കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയും തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.