ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 18ന് പരിഗണിക്കും

Webdunia
ചൊവ്വ, 12 ജനുവരി 2016 (13:27 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 18നു പരിഗണിക്കുമെന്ന് തലശ്ശേരി സെഷന്‍സ് കോടതി അറിയിച്ചു. ജാമ്യാപേക്ഷയില്‍ ഉടന്‍ മറുപടി നല്‍കാന്‍ സി ബി ഐയ്ക്ക് കോടതി നോട്ടീസ് അയച്ചു.
 
അതേസമയം, ഏതു തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കാന്‍ തയ്യറാണെന്ന് ജയരാജന്‍ കോടതിയില്‍ എഴുതി നല്‍കിയിട്ടുണ്ടെന്നും രണ്ടു തവണ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് വിധേയനായ അദ്ദേഹത്തിനു കേസിനെക്കുറിച്ച് ഒരു തരത്തിലുള്ള ആശങ്ക ഇല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കെ വിശ്വന്‍ അറിയിച്ചു.
 
ജയരാജന്‍ ഈ കേസില്‍ പ്രതിയാണ് എന്നതിനു സി ബി ഐ രേഖാമൂലം ഒരു തെളിവും എഴുതി നല്‍കിയിട്ടില്ലെന്നും ഒരു സാക്ഷി പോലും ഇതുവരെ ജയരാജനെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
 
യു എ പി എ വകുപ്പു പ്രകാരമുള്ള കേസായതിനാല്‍ സി ബി ഐയ്ക്കു മുമ്പാകെ ഹാജരായാല്‍ അറസ്റ്റിനുള്ള സാധ്യത കൂടുതലാണെന്നും ജാമ്യത്തിനു സാധ്യതയില്ല എന്നും മുന്‍കൂട്ടി കണ്ടതു കൊണ്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി ബി ഐ നല്‍കിയ നോട്ടീസ് അവഗണിച്ച് ജയരാജന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. 
 
ജയരാജനു നേരെയുണ്ടായ വധശ്രമത്തിന്റെ പ്രതികാരമായാണ്, 2014 സെപ്തംബര്‍ ഒന്നിന് മനോജ് കൊല്ലപ്പെടാനുണ്ടായ സാഹചര്യം എന്നായിരുന്നു സി ബി ഐയുടെ കണ്ടെത്തല്‍. ഈ കേസിലെ ഒന്നാം പ്രതി വിക്രമനുമായുള്ള അടുപ്പവും ജയരാജനെതിരെ സി ബി ഐ ആയുധമാക്കി.