ഓസ്കര്‍ വേദിയില്‍ മലയാളത്തിന് അഭിമാനനിമിഷം. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം ‘ഇന്‍സൈഡ് ഔട്ട്’ എന്ന ചിത്രം നേടി. ഈ ചിത്രത്തിലെ കഥാപാത്ര ചിത്രീകരണം നടത്തിയത് മലയാളി സാജന്‍ സ്കറിയ ആയിരുന്നു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയാണ് ഇദ്ദേഹം.
ഡിസ്‌നി - പിക്‌സാര്‍ സ്റ്റുഡിയോയില്‍ കാരക്‌ടര്‍ സൂപ്പര്‍വൈസറാണ് ഇദ്ദേഹം. ഇതുവരെ ഹോളിവുഡില്‍ ഏഴു ചിത്രങ്ങള്‍ക്ക് കഥാപാത്ര ചിത്രീകരണം നടത്തിയിട്ടുണ്ട്.
തങ്ങളുടെ സിനിമകളിലെ കഥാപാത്രങ്ങളെ കളിപ്പാട്ടങ്ങളായി പുറത്തിറക്കുന്ന പതിവുണ്ട് ഡിസ്‌നിക്ക്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ‘കാര്‍ഡ് - 2’ വിലെ കഥാപാത്രങ്ങളെ കളിപ്പാട്ടങ്ങളാക്കി എയര്‍പോര്‍ട്ട് അഡ്വഞ്ചര്‍ കലക്‌ഷന്‍ എന്ന പേരില്‍ പുറത്തിറക്കിയിരുന്നു. അതില്‍ ഒന്നിന് സാജന്റെ പേരായിരുന്നു നല്കിയിരുന്നത്. ‘സാജന്‍ കാറിയ’ എന്നായിരുന്നു പേര് നല്കിയത്.
‘സ്ലം ഡോഗ് മില്യണയര്‍’ എന്ന ചിത്രത്തിലൂടെ ശബ്‌ദമിശ്രണത്തിന് പുരസ്കാരം നേടിയ മലയാളി റസൂല്‍ പൂക്കുട്ടിക്കു ശേഷം ഓസ്കര്‍ വേദിയിലെ മലയാളിത്തിളക്കമായി മാറുകയാണ് സാജന്‍ സ്കറിയ.