തനിക്കെതിരെ കേസുകള്‍ ഒന്നുമില്ല; കേസുകള്‍ ഉള്ളത് വിഎസിന്റെ പേരില്‍, ആരോപണത്തില്‍ തെറ്റുപറ്റിയെന്ന് അദ്ദേഹം ജനങ്ങളോട് പറയണം: മുഖ്യമന്ത്രി

Webdunia
വെള്ളി, 29 ഏപ്രില്‍ 2016 (10:21 IST)
പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. തനിക്കെതിരെ  കേസുകള്‍ ഒന്നുമില്ലെന്ന് ലോകായുക്ത വ്യക്തമാക്കിയിട്ടുണ്ട്. കേസുകളുള്ളത് വിഎസിന്റെ പേരിലാണ്. ആരോപണത്തില്‍  തെറ്റുപറ്റിയെന്ന് വിഎസ് തന്നെ ജനങ്ങളോട് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തനിക്കെതിരേ സംസ്ഥാനത്തെ പൊലീസ് സ്റേഷനുകളില്‍ കേസുകളില്ലെന്ന് നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാമനിര്‍ദേശ പത്രികയില്‍ തനിക്കെതിരേ കേസുകളില്ലെന്ന് വ്യക്തമാക്കാനുള്ള നീക്കത്തെ എതിര്‍ക്കാനും മുഖ്യമന്ത്രി വിഎസിനെ വെല്ലുവിളിച്ചു.

വിഎസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം മാനനഷ്‌ടക്കേസ് നല്‍കിയിരുന്നു. വിഎസ് അസത്യപ്രചാരണം നടത്തിയെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസുണ്ടെന്ന് വിഎസ് ആരോപിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാതിയിലുള്ളത്. തിരുവനന്തപുരം ജില്ല കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ചട്ടം ലംഘിച്ചെന്ന് കാണിച്ച് തെരഞ്ഞെടുപ്പു കമ്മീഷനും പരാതി നല്കിയിട്ടുണ്ട്.

തനിക്കെതിരെ 31 കേസുണ്ടെന്ന വി എസിന്റെ പരാമര്‍ശത്തിനെതിരെയാണ് മുഖ്യമന്ത്രി പരാതി നല്കിയിരിക്കുന്നത്. ധര്‍മ്മടത്തും പിന്നീട് മറ്റ് മാധ്യമങ്ങളിലൂടെയും നടത്തിയ പ്രസ്താവനയിലുമാണ് മുഖ്യമന്ത്രിക്കെതിരെ കേസ് ഉണ്ടെന്ന് വിഎസ് ആരോപിച്ചത്. അന്തസും മാന്യതയും ഇല്ലാത്ത അദ്ദേഹത്തിന്റെ ആരോപണം വ്യക്തിഹത്യ നടത്തുകയാണെന്നും ആരോപിച്ചിരുന്നു.

കേസ് ഉമ്മന്‍ ചാണ്ടിയുടെ കപട മനസാക്ഷിയെ സംരക്ഷിക്കാനാണെന്ന് വി എസ് പ്രതികരിച്ചു. തന്റെ നാവ് ബന്ധിക്കാമെന്ന് കരുതുന്ന ഉമ്മന്‍ ചാണ്ടി വിഡ്‌ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും വി എസ് പറഞ്ഞു.
Next Article