യുഡിഎഫിലെ പ്രബലകക്ഷിയായ മുസ്‍ലിം ലീഗുമായി ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ലീഗുമായി ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ വിയോജിച്ചുകൊണ്ട് യോജിച്ചു മുന്നോട്ടു പോകും. ഗ്രൂപ്പില്ലെങ്കിൽ പാർട്ടി വേണ്ടെന്ന നിലപാട് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്‍ലിം ലീഗുമായി പ്രശ്നങ്ങൾ ഉണ്ടെങ്കിലും അവയൊന്നും ഗുരുതരമല്ല. ചിലകാര്യങ്ങളിൽ വിയോജിച്ചുകൊണ്ട് യോജിക്കും. ഗ്രൂപ്പില്‍ ഇല്ലാത്തവര്‍ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം കോൺഗ്രസിൽ ഇല്ല. ഗ്രൂപ്പില്ലെങ്കിൽ പാർട്ടി വേണ്ടെന്ന നിലപാട് തെറ്റാണ്. പാര്‍ട്ടിക്കാണ് ആദ്യം പരിഗണ നല്‍കേണ്ടത്. അതു കഴിഞ്ഞുവേണം ഗ്രൂപ്പുകള്‍ക്ക് പരിഗണയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് വിഎം സുധീരനുമായി സഹകരിക്കും. അദ്ദേഹം വർഷങ്ങളായി പാർട്ടിയിലുള്ള നേതാവാണ്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സീറ്റിലെയും പ്രശ്നങ്ങൾ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ചില അസുഖകരമായ കാര്യങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാലും എല്ലാവരുമായി സഹകരിച്ച് യോജിച്ച് മുന്നോട്ടു പോവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.