‘തുറന്നത് ബി നിലവറയുടെ ഒരു വാതില്‍ മാത്രം’

Webdunia
ബുധന്‍, 13 ഓഗസ്റ്റ് 2014 (10:17 IST)
തിരുവനന്തപുരത്തെ ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ രണ്ട്‌ വാതിലുകളില്‍ ഒരെണ്ണം മാത്രമെ തുറന്നിട്ടുള്ളുവെന്ന്‌ രാജകുടുംബത്തിന്റെ വിശദീകരണം. ബി നിലവറ തുറന്നിരുന്നുവെന്ന മുന്‍ സിഎജി വിനോദ് റായിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് തിരുവിതാംകൂര്‍ രാജകുടുംബം നിലപാട് വ്യക്‌തമാക്കിയത്. 
 
നിലവറയില്‍ പരിശോധനയ്‌ക്ക് വന്ന മൂല്യനിര്‍ണയ സമിതിക്കും ബി നിലവറയുടെ രണ്ടാമത്തെ വാതില്‍ തുറക്കാനായില്ലെന്നും രാജകുടുംബം ചൂണ്ടിക്കാട്ടി. 
 
മുന്‍ സിഎജി വിനോദ്‌ റായ്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ബി നിലവറ ഏഴ് തവണ തുറന്നിരുന്നെന്ന വെളിപ്പെടുത്തല്‍. 1990-ല്‍ രണ്ട്‌ തവണയും 2002-ല്‍ അഞ്ച്‌ തവണയും ബി നിലവറ തുറന്നതായാണ്‌ റിപ്പോര്‍ട്ട്‌‍.